വനിത ട്വന്റി 20 ലോകകപ്പ്: ഇനി രണ്ടു ദിനംകൂടി
Tuesday, October 1, 2024 2:01 AM IST
ഷാർജ: 2024 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഇനി രണ്ടു നാളുകൾകൂടി. യുഎഇ വേദിയാകുന്ന ഒന്പതാം പതിപ്പ് വനിതാ ലോകകപ്പിനു വ്യാഴാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും.
ബംഗ്ലാദേശിലാണ് ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥകളെത്തുടർന്ന് ഐസിസി വേദി യുഎഇയിലേക്കു മാറ്റുകയായിരുന്നു. മത്സരങ്ങൾ യുഎഇയിലാണെങ്കിലും ആതിഥേയത്വത്തിലുള്ള അവകാശം ബംഗ്ലാദേശിനുതന്നെയാണ്. യുഎഇയിലെ ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിലും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണു മത്സരങ്ങൾ നടക്കുക.
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശ്, സ്കോട്ലൻഡിനെ നേരിടും. അന്നുതന്നെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാൻ-ശ്രീലങ്ക പോരാട്ടവും നടക്കും. ഷാർജ രണ്ടു മത്സരങ്ങൾക്കും വേദിയാകും. ഇന്ത്യയുടെ ആദ്യ മത്സരം നാലിനു ന്യൂസിലൻഡിനെതിരേയാണ്. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ആറിനാണ്. രണ്ടു മത്സരങ്ങളും ദുബായിൽ അരങ്ങേറും.
പത്ത് ടീമുകളാണ് ടൂർണമെന്റിലുള്ളത്. രണ്ടു ഗ്രൂപ്പുകളായാണു ടീമുകളെ തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക. ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സ്കോട്ലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്.
പ്രധാന ടൂർണമെന്റിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ ഇന്നു സമാപിക്കും. ഇന്ത്യ ഇന്നു ദക്ഷിണാഫ്രിക്കയെ നേരിടും. മറ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസിനെയും ഇംഗ്ലണ്ട്, ന്യൂസിലൻഡിനെയും നേരിടും.
ഗ്രൂപ്പ് എ തുടർ കപ്പ് ലക്ഷ്യമിട്ട് ഓസീസ്
തുടർച്ചയായ നാലാം തവണയും ലോക ചാന്പ്യന്മാരാകുകയെന്ന ലക്ഷ്യത്തോടെയാണ് അലിസ ഹീലിയുടെ നേതൃത്വത്തിലുള്ള ഓസീസ് ടീം ഇറങ്ങുന്നത്. ഓസീസിനെ തുടർച്ചയായ മൂന്നു ടി ട്വന്റി ലോകകപ്പ് (2018, 2020, 2023) കിരീടങ്ങളിലേക്കു നയിച്ച മെഗ് ലാന്നിംഗ് വിരമിച്ചശേഷം നടക്കുന്ന പ്രധാന ടൂർണമെന്റാണ്. 2014ലും ലാന്നിംഗായിരുന്നു ക്യാപ്റ്റൻ. എലിസ പെറി, ആഷ്ലി ഗാർഡ്നർ തുടങ്ങി വന്പൻ നിരയാണ് ഇത്തവണയും ഓസീസിനുള്ളത്.
ലക്ഷ്യം കിരീടം
മികച്ച കളിക്കാരുടെ വലിയൊരു നിരയുണ്ടായിട്ടും ലോകകപ്പ് ഇതുവരെ നേടാനാവാത്ത ഇന്ത്യ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ശക്തമായ നിരയുമായാണെത്തുന്നത്. 2020ൽ റണ്ണേഴ്സ് അപ്പായി. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ, രേണുക സിംഗ്, പൂജ വസ്ത്രാകർ, രാധ യാദവ്, ശ്രേയങ്ക പട്ടീൽ എന്നിവരാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ഇവർക്കൊപ്പം മലയാളികളായ സജന സജീവനും ആശാ ശോഭനയുമുണ്ട്.
മികവ് തുടരാൻ ലങ്ക
2024 ഏഷ്യകപ്പ് ട്വന്റി 20യിൽ ഇന്ത്യയെ തോൽപ്പിച്ച് ജേതാക്കളായതിന്റെ ആവേശത്തിലാണു ശ്രീലങ്ക എത്തുന്നത്. ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു, വിഷ്മി, ഹർഷിത, കവിശ ദിൽഹരി തുടങ്ങിയവരുടെ മികവിലാണു ലങ്കയുടെ പ്രതീക്ഷകൾ. 2009 മുതൽ 2023 വരെ ശ്രീലങ്കയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിനപ്പുറം എത്താനായിട്ടില്ല.
പ്രതീക്ഷയിൽ കിവീസ്
ഏകദിന ലോകകപ്പ് ഒരു തവണ നേടിയ ന്യൂസിലൻഡ് ട്വന്റി 20യിൽ രണ്ടു തവണ (2009, 2010) രണ്ടാം സ്ഥാനക്കാരായി. 2016നുശേഷം ഗ്രൂപ്പ് ഘട്ടത്തിനപ്പുറത്തെത്താൻ കിവീസിനായിട്ടില്ല. സോഫി ഡെവീൻ ക്യാപ്റ്റനായ ടീമിൽ മികച്ച കളിക്കാരുണ്ട്. സുസി ബേറ്റ്സ്, അമേലിയ കെർ എന്നിവരാണു കിവീസിന്റെ പ്രധാനികൾ.
ഗ്രൂപ്പ് കടക്കാൻ പാക്കിസ്ഥാൻ
ടി 20 ലോകകപ്പിന്റെ ആദ്യ പതിപ്പ് മുതൽ സ്ഥിരസാന്നിധ്യമുള്ളവരാണെങ്കിലും ഗ്രൂപ്പിനപ്പുറം എത്താനായിട്ടില്ല. ഫാത്തിമ സനയുടെ നേതൃത്വത്തിൽ ഈ ഘട്ടം മുന്നേറുകയാണ് ടീമിന്റെ ലക്ഷ്യം.