ലങ്കണ്ണൻസ് മാസാക്കി
Monday, September 30, 2024 12:33 AM IST
ഗാലെ (ശ്രീലങ്ക): ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പര ശ്രീലങ്ക തൂത്തുവാരി. രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ശ്രീലങ്ക ഒരു ഇന്നിംഗ്സിനും 154 റണ്‍സിനുമാണ് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. സനത് ജയസൂര്യ പരിശീലകനായശേഷം മികവിലെത്തുകയാണ് ശ്രീലങ്ക.
ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് അഞ്ചു വിക്കറ്റിന് 602 റണ്‍സ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഇതിനു കിവീസിന്റെ മറുപടിയിൽ ന്യൂസിലൻഡ് 88 റണ്‍സിന് ഓൾ ഒൗട്ടായി. ശ്രീലങ്കയ്ക്ക് 514 റണ്‍സിന്റെ കൂറ്റൻ ലീഡ് ലഭിച്ചു. ഫോളോ ഓണ്‍ ചെയ്ത കിവീസിന് രണ്ടാം ഇന്നിംഗ്സിൽ 360 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. രണ്ടാം ഇന്നിംഗ്സിൽ പൊരുതാനുള്ള കിവീസ് ബാറ്റർമാരുടെ ശ്രമം ലങ്കൻ സ്പിന്നമാരായ നിഷാൻ പെയിരിസും പ്രഭാത് ജയസൂര്യയുമാണ് തകർത്തത്. പെയിരിസ് ആറും ജയസൂര്യ മൂന്ന് വിക്കറ്റും വീഴ്ത്തി. ന്യൂസിലാൻഡിനായി ഗ്ലെൻ ഫിലിപ്സ് (78), മിച്ചൽ സാന്റ്നർ (67) ടോം ബ്ലണ്ടൽ (60), ഡെവണ്‍ കോണ്‍വെ (61) കെയ്ൻ വില്യംസണ് (46) എന്നിവർ പൊരുതി നിൽക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നേരത്തേ ലങ്കൻ ഇന്നിംഗ്സിൽ പുറത്താകാതെ 182 റണ്‍സാണ് കമിന്ദു മെൻഡിസ് ആണ് പ്ലയർ ഓഫ് ദ മാച്ച്. രണ്ട് മത്സരത്തിൽ നിന്നും 18 വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യയാണ് പരന്പരയിലെ താരം.
ജയത്തോടെ ശ്രീലങ്ക ലോക ടെസ്റ്റ് ചാന്പ്യൻഷിപ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തു തുടരുന്നു. തോൽവിയോടെ ന്യൂസിലൻഡ് നാലാം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്കു പതിച്ചു.