സംസ്ഥാന ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ് നാളെ മുതൽ
Monday, September 30, 2024 12:33 AM IST
കൊച്ചി: 68-ാമത് കേരള സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ മുതല്‍ ആറു വരെ കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററിൽ നടക്കും. 2025 ജനുവരി 5 മുതല്‍ 12 വരെ ഗുജറാത്തിലെ ഭാവ് നഗറില്‍ നടക്കുന്ന 74-ാമത് സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയാണു ചാമ്പ്യന്‍ഷിപ്പ്.
ആറു ദിവസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ 14 ജില്ലകളില്‍നിന്നും വനിതകളില്‍ 11 ജില്ലകളില്‍നിന്നും ടീമുകള്‍ പങ്കെടുക്കും. പുരുഷന്മാരില് എറണാകുളവും വനിതകളില്‍ തിരുവനന്തപുരവുമാണ് നിലവിലെ ചാമ്പ്യന്മാര്.
പുരുഷവിഭാഗത്തില്‍ പൂള് എ-യില്‍ കണ്ണൂര്‍, തൃശൂര്‍, ഇടുക്കി ജില്ലകള്‍ക്കൊപ്പമാണ് എറണാകുളം. പൂള്-ബി തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്. പൂള്-സി കാസര്‍ഗോഡ്, ആലപ്പുഴ, വയനാട്. പൂള് -ഡി പാലക്കാട്, കൊല്ലം, മലപ്പുറം.
വനിതാവിഭാഗത്തില്‍ പൂള്-ഡിയില്‍ കണ്ണൂരിനും കോട്ടയത്തിനുമൊപ്പമാണ് ആതിഥേയരായ എറണാകുളം. പൂള്-എ തിരുവനന്തപുരം, ആലപ്പുഴ. പൂള്-ബി പാലക്കാട്, കോഴിക്കോട്, കാസർഗോഡ്. പൂള്-സി പത്തനംതിട്ട, തൃശൂര്‍, കൊല്ലം.