അടിച്ചു തകർത്ത് സഞ്ജു
Friday, September 20, 2024 1:06 AM IST
അനന്ത്പുർ: ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ ഡിക്കുവേണ്ടി മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിന്റെ വെടിക്കെട്ടു ബാറ്റിംഗ്. ഇന്ത്യ ബിക്കെതിരായ ഒന്നാം ഇന്നിംഗ്സിൽ 83 പന്തിൽ 89 റണ്‍സുമായി സഞ്ജു ആദ്യദിനം പുറത്താകാതെ നിന്നു.
ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 216 എന്ന നിലയിലായിരിക്കുന്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. ആദ്യദിനം അവസാനിക്കുന്പോൾ ഇന്ത്യ ഡി 306/5 എന്ന നിലയിലാണ്.
സരൻഷ് ജെയിനാണ് (56 പന്തിൽ 26) സഞ്ജുവിനൊപ്പം ക്രീസിൽ. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 90 റണ്‍സ് നേടി. ഇന്ത്യ ഡിക്കുവേണ്ടി ഓപ്പണർമാരായ ദേവ്ദത്ത് പടിക്കൽ (50), എസ്. ഭരത് (52), മൂന്നാം നന്പറായ റിക്കി ഭുയി (56) എന്നിവർ അർധസെഞ്ചുറി നേടി. ദുലീപ് ട്രോഫിയിൽ ശ്രേയസ് അയ്യറിന്റെ രണ്ടാം ഡെക്കാണ്.
ഇന്ത്യ സിക്ക് എതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഒന്നാംദിനം അവസാനിക്കുന്പോൾ 224/7 എന്ന നിലയിലാണ്. എയ്ക്കുവേണ്ടി ശാശ്വത് റാവത്ത് (122 നോട്ടൗട്ട്) സെഞ്ചുറി നേടി. ഷംസ് മുലാനിയും (44) തിളങ്ങി.