കരുനീക്കി ഇന്ത്യ മുന്നിൽ
Friday, September 20, 2024 1:06 AM IST
ജിസ്മോൻ മാത്യു, ഇന്റർനാഷണൽ ആർബിറ്റർ
ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന 45-ാം ചെസ് ഒളിന്പ്യാഡിന്റെ വിശ്രമദിനം കഴിഞ്ഞു നടന്ന ഏഴാം റൗണ്ട് മത്സരത്തിലും ഇന്ത്യ ഇരുവിഭാഗങ്ങളിലും ജൈത്രയാത്ര തുടരുന്നു. ഏഴിൽ ഏഴും ജയിച്ച ഇന്ത്യൻ ടീമുകൾ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു.
അർജുൻ എറിഗൈസി, ആർ. പ്രഗ്നാനന്ദ, പെന്റല ഹരികൃഷ്ണ എന്നിവർക്ക് ചൈനീസ് മതിൽ ഭേദിക്കാൻ കഴിയാതെ വന്നതോടെ മത്സരം സമനിലയിൽ കലാശിക്കുമായിരുന്നു. എന്നാൽ, വെളുത്ത കരുക്കളുമായി കളിച്ച ഡി. ഗുകേഷ്, ചൈനയുടെ ലോക എട്ടാം നന്പർ താരം വെയ് യിയെ തോൽപ്പിച്ച് ഇന്ത്യക്കു ജയം നൽകി.
ആറു മണിക്കൂർ നീണ്ട പോരാട്ടത്തിൽ 80 നീക്കങ്ങളിലായിരുന്നു ഗുകേഷ് വിജയിച്ചത്. അതോടെ ഇന്ത്യ 2.5-1.5നു ചൈനയെ തോൽപ്പിച്ചു. ലോക ചാന്പ്യനായ ഡിങ് ലിറനു വിശ്രമം നൽകിയാണ് ചൈന ഏഴാം റൗണ്ടിനിറങ്ങിയത്.
അതേസമയം, വനിതാ വിഭാഗത്തിൽ വന്തിക അഗർവാൾ ഗ്രാൻഡ്മാസ്റ്റർ ബെല്ല ഖോട്ടനാഷ്വില്ലിയെ അട്ടിമറിച്ച് ജോർജിയയ്ക്കെതിരേ ഇന്ത്യക്കു ലീഡ് നൽകി. വൈശാലി ഇന്ത്യയുടെ വിജയം ഉറപ്പിച്ചപ്പോൾ ദിവ്യ ദേശ്മുഖ് - നിനോ ബാറ്റ്സിയാഷ്വിലി മത്സരവും ഹരിക ദ്രോണവല്ലി - നാനാ ദ്സാഗ്നിഡ്സെ പോരാട്ടവും സമനിലയിൽ അവസാനിച്ചു. അതോടെ ഇന്ത്യക്കു 3-1ന്റെ ജയം.