ഷില്ലാച്ചി വിടവാങ്ങി
Thursday, September 19, 2024 12:26 AM IST
റോം: ഇറ്റാലിയൻ ഫുട്ബോൾ താരവും 1990 ലോകകപ്പിലെ വീരനായകനുമായ സാൽവത്തോറ ഷില്ലാച്ചി (ടോട്ടോ) അന്തരിച്ചു.
കുടലിലെ കാൻസറിനെത്തുടർന്ന് ഈ 59 കാരൻ ഏതാനുംനാളുകളായി ചികിത്സയിലായിരുന്നു. ഇന്നലെയാണ് അന്തരി ച്ചതെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഭരണസംവിധാനമായ എഫ്ഐജിസി സ്ഥിരീകരിച്ചു.
1964ലാണ് ജനനം. മെസിന, യുവന്റസ്, ഇന്റർമിലാൻ, ജുബിലോ ഇവാത ക്ലബ്ബുകൾക്കുവേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള ഷില്ലാച്ചി ക്ലബ് തലത്തിൽ ശരാശരി ഗോൾവേട്ടക്കാരനായിരുന്നു.
ഇറ്റലിയിൽ നടന്ന 1990 ലോകകപ്പിൽ ആറു ഗോളുകൾ സ്വന്തമാക്കി അസൂറിപ്പടയെ മൂന്നാംസ്ഥാനത്ത് എത്തിച്ചതാണു കായികജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന പ്രകടനം. ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ പുരസ്കാരങ്ങളും സ്വന്തമാക്കി.
അർജന്റീനയുടെ ഇതിഹാസ താരം ഡിയാഗോ മറഡോണയെയും ജർമനിയുടെ ലോതർ മത്തേവൂസിനെയും മറികടന്നായിരുന്നു ഗോൾഡൺ ബൂട്ട് നേട്ടം. അതേസമയം ഇറ്റലിക്കുവേണ്ടി 16 മത്സരങ്ങളിൽനിന്നായി ഏഴു ഗോളുകൾ മാത്രമാണ് ഷില്ലാച്ചി നേടിയിട്ടുള്ളത്.