മെസിയുടെ ഗോൾ കാരെയ്ക്ക്
Tuesday, September 17, 2024 12:50 AM IST
മയാമി: 2024 കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റശേഷം വിശ്രമത്തിലായിരുന്ന അർജന്റൈൻ സൂപ്പർ ഫുട്ബോളർ ലയണൽ മെസി കളത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി.
ഫിലാഡൽഫിയ യൂണിയനെതിരായ മത്സരത്തിൽ ഇരട്ടഗോളുമായി മെസി തിളങ്ങിയപ്പോൾ ഇന്റർ മയാമി 3-1ന്റെ ജയം സ്വന്തമാക്കി. 26, 30 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോൾ. ലൂയിസ് സുവാരസിന്റെ (90+8') വകയായിരുന്നു ടീമിന്റെ മൂന്നാം ഗോൾ.
അതേസമയം, തന്റെ ഗോൾ അമേരിക്കൻ ബാസ്കറ്റ്ബോൾ സൂപ്പർ താരമായ സ്റ്റെഫാൻ കാരെയ്ക്ക് മെസി സമർപ്പിച്ചു. ഗോൾ നേടിയശേഷം കറിയുടെ ആക്ഷനായിരുന്നു മെസി ഉപയോഗിച്ചത്.
2024 പാരീസ് ഒളിന്പിക്സിൽ ബാസ്കറ്റ്ബോൾ സ്വർണം നേടിയ അമേരിക്കൻ ടീം അംഗമാണ് കറി. 2009 മുതൽ എൻബിഎയിൽ ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്സിന്റെ താരമാണ് മുപ്പത്താറുകാരനായ കറി.
അത്ലാന്റ യുണൈറ്റഡിനെതിരേ 19നാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. ഈസ്റ്റേൺ കോൺഫറൻസിൽ 62 പോയിന്റുമായി ഇന്റർ മയാമിയാണ് ഒന്നാം സ്ഥാനത്ത്.