ടൈ കെട്ടി
Saturday, September 14, 2024 1:20 AM IST
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2024-25 സീസണിനു ടൈകെട്ടി തുടക്കം. കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുംബൈ സിറ്റി എഫ്സിയും 2-2 സമനിലയിൽ പിരിഞ്ഞു. 90-ാം മിനിറ്റിലായിരുന്നു മുംബൈ സമനില ഗോൾ നേടിയത്.
ജോസ് ലൂയിസിന്റെ സെൽഫ് ഗോളിലൂടെ ഒന്പതാം മിനിറ്റിൽ മോഹൻ ബഗാൻ ലീഡ് നേടി. 28-ാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗസിലൂടെ രണ്ടാം ഗോളിലൂടെ ലീഡ് ഉയർത്തി.
ആദ്യ പകുതിയിൽ രണ്ടു ഗോളിന്റെ കടവുമായി മൈതാനംവിട്ട മുംബൈ സിറ്റി 70-ാം മിനിറ്റിൽ തിരിച്ചടിച്ചു. ജോസ് ലൂയിസായിരുന്നു മുംബൈയുടെ ഗോൾ നേട്ടക്കാരൻ. സെൽഫ് ഗോളിന്റെ കടം വീട്ടിയ ഗോളിലൂടെ ലൂയിസ് മുബൈയെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. തുടർന്ന് 90-ാം മിനിറ്റിൽ തായിർ ക്രൗമയിലൂടെ മുംബൈ സിറ്റി സമനിലയിലെത്തി.
ഇന്നു രണ്ടു മത്സരങ്ങൾ അരങ്ങേറും. ഒഡീഷ എഫ്സിയും ചെന്നൈയിൻ എഫ്സിയും തമ്മിൽ വൈകുന്നേരം അഞ്ചിനാണ് ആദ്യ മത്സരം. രാത്രി 7.30ന് ബംഗളൂരു ഈസ്റ്റ് ബംഗാളിനെ നേരിടും.