ചെസ് ഒളിന്പ്യാഡിൽ ഇന്ത്യക്കു രണ്ടാം റൗണ്ടിലും ജയം
Saturday, September 14, 2024 1:20 AM IST
ബുഡാപെസ്റ്റ്: 45-ാം ചെസ് ഒളിന്പ്യാഡിന്റെ രണ്ടാം റൗണ്ട് പോരാട്ടങ്ങളിലും ഇന്ത്യക്കു സന്പൂർണ ജയം. ഓപ്പണ്‍ (പുരുഷ)-വനിതാ വിഭാഗങ്ങളിൽ രണ്ടാം റൗണ്ടിലും ഇന്ത്യൻ ടീമുകൾ വെന്നിക്കൊടി പാറിച്ചു.
പുരുഷ വിഭാഗം രണ്ടാം സീഡായ ഇന്ത്യ 4-0ന് ഐസ്ലൻഡിനെ തകർത്തു. ഒന്നാം സീഡുകാരായ ഇന്ത്യൻ വനിതകൾ 3.5-0.5 എന്ന നിലയിൽ ചെക് റിപ്പബ്ലിക്കിനെയാണ് തോൽപ്പിച്ചത്.
ലോക ചാന്പ്യൻഷിപ്പ് ചലഞ്ചറും ചെന്നൈ ഒളിന്പ്യാഡിൽ മിന്നും പ്രകടനം കാഴ്ചവച്ച ചരിത്രവുമുള്ള ഡി. ഗുകേഷ് ഓപ്പണ്‍ വിഭാഗത്തിൽ ആദ്യ മത്സരത്തിന് ഇറങ്ങി. ഒന്നാം ബോർഡിൽ ബ്ലാക്ക് കരുക്കളുമായി കളിച്ച പതിനെട്ടുകാരനായ ഗുകേഷ് ഐസ്ലൻഡിന്റെ വിഗ്നിർ സ്റ്റെഫാൻസണിനെ തോൽപ്പിച്ചു. അർജുൻ എറിഗൈസി രണ്ടാം ബോർഡിൽ ഹന്നെസ് സ്റ്റെഫാൻസണിനെ കീഴടക്കി.
മൂന്നാം ബോർഡിൽ വിദിത് ഗുജറാത്തിയും നാലാം ബോർഡിൽ പെൻഡ്രിയ ഹരികൃഷ്ണയും ജയം നേടിയതോടെ ഇന്ത്യ ആധികാരികമായി രണ്ടാം റൗണ്ടിലും വെന്നിക്കൊടി പാറിച്ചു. രണ്ട് റൗണ്ടിലായി എട്ടു ഗെയിം കളിച്ചതിൽ ഒന്നിൽപോലും ഇന്ത്യൻ പുരുഷന്മാർ പരാജയമറിഞ്ഞില്ല.
വനിതാ വിഭാഗത്തിൽ ടാനിയ സച്ച്ദേവ് സമനിലയിൽ പിരിഞ്ഞു. ബാക്കി മൂന്നു മത്സരങ്ങളിലും ജയിച്ചതോടെ 3.5 പോയിന്റുമായി ഇന്ത്യ രണ്ടാം ജയവും സ്വന്തമാക്കി. ആദ്യ റൗണ്ടിൽ പുരുഷന്മാർ മൊറോക്കോയെയും വനിതകൾ ജമൈക്കയെയുമാണ് തോൽപ്പിച്ചത്.