ഇംഗ്ലണ്ടിനെതിരേ ശ്രീലങ്കയ്ക്കു ചരിത്ര ടെസ്റ്റ് ജയം
Tuesday, September 10, 2024 12:00 AM IST
ലണ്ടൻ: കെന്നിംഗ്ടണ്‍ ഓവലിൽ ശ്രീലങ്ക ചരിത്ര ജയം കുറിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ എട്ടു വിക്കറ്റിന്റെ ആധികാരിക ജയമാണ് ലങ്ക സ്വന്തമാക്കിയത്. ആദ്യരണ്ടു ടെസ്റ്റും ജയിച്ച് ഇംഗ്ലണ്ട് 2-1നു പരന്പര സ്വന്തമാക്കി.
എന്നാൽ, മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നേരിട്ട അപ്രതീക്ഷിത പരാജയം ഇംഗ്ലണ്ടിനു നാണക്കേടായി. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 219 റണ്‍സ് എന്ന ലക്ഷ്യം പതും നിസാങ്കയുടെ (124 പന്തിൽ 127 നോട്ടൗട്ട്) ആക്രമണ ഇന്നിംഗ്സിലൂടെ ലങ്ക സ്വന്തമാക്കി. കുശാൽ മെൻഡിസ് (37 പന്തിൽ 39), എയ്ഞ്ചലോ മാത്യൂസ് (32 നോട്ടൗട്ട്) എന്നിവരും ലങ്കയുടെ ചേസിംഗിൽ തിളങ്ങി.
സ്കോർ: ഇംഗ്ലണ്ട് 325, 156. ശ്രീലങ്ക 263, 219/2. നാലു വിക്കറ്റ് വീഴ്ത്തിയ ലഹിരു കുമാര, മൂന്നു വിക്കറ്റ് നേടിയ വിശ്വ ഫെർണാണ്ടോ എന്നീ പേസർമാരുടെ ആക്രമണമാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 156ൽ അവസാനിപ്പിച്ചത്. പതും നിസാങ്കയാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇംഗ്ലീഷ് താരം ജോ റൂട്ട് പ്ലെയർ ഓഫ് ദ സീരീസായി.
ചരിത്ര ജയം
ഇംഗ്ലണ്ടിനെതിരേ അവരുടെ മണ്ണിൽ ശ്രീലങ്ക ടെസ്റ്റ് ജയം നേടുന്നത് ചരിത്രത്തിൽ ഇതു നാലാം തവണ. 1998ൽ ഓവലിൽവച്ച് 10 വിക്കറ്റിനും 2006ൽ ട്രെന്റ് ബ്രിഡ്ജിൽ 134 റണ്‍സിനും 2014ൽ ഹെഡിംഗ്ലിയിൽവച്ച് 100 റണ്‍സിനുമായിരുന്നു മുന്‍പ് ലങ്കയുടെ ഇംഗ്ലീഷ് മണ്ണിലെ ജയങ്ങൾ.
ഇംഗ്ലണ്ടിൽ ഒരു ഏഷ്യൻ രാജ്യം പിന്തുടർന്നു ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണ് 219. ശ്രീലങ്ക 200ൽ അധികം റണ്‍സ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ചേസ് ചെയ്ത് ജയിക്കുന്നത് രണ്ടാം തവണ മാത്രമാണ്.