യുഎസ് ഓപ്പണ്‍ : സിന്നർ x ഫ്രിറ്റ്സ് കിരീട പോരാട്ടം
Sunday, September 8, 2024 12:10 AM IST
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനൽ ചിത്രം തെളിഞ്ഞു. ലോക ഒന്നാം നന്പറായ ഇറ്റലിയുടെ യാനിക് സിന്നറും 12-ാം സീഡായ അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സും തമ്മിലാണ് കിരീടപോരാട്ടം.
20-ാം സീഡായ അമേരിക്കയുടെ ഫ്രാൻസെസ് തിയാഫോയെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയായിരുന്നു ഫ്രിറ്റ്സ് ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: 4-6, 7-5, 4-6, 6-4, 6-1.
15 വർഷത്തിനുശേഷം
നീണ്ട 15 വർഷത്തിനുശേഷമാണ് ഗ്രാൻസ്ലാം പുരുഷ സിംഗിൾസ് ഫൈനലിൽ ഒരു അമേരിക്കൻ താരം എത്തുന്നത്. 2009ൽ ആൻഡി റോഡിക്കായിരുന്നു അവസാനമായി ഗ്രാൻസ് ലാം ഫൈനലിലെത്തിയ അമേരിക്കൻ താരം. സെമിയിൽ അമേരിക്കക്കാരായ തിയാഫോയും ഫ്രിറ്റ്സും നേർക്കുനേർ വന്നതോടെ ഫൈനലിൽ യുഎസ് സാന്നിധ്യം ഉറപ്പായിരുന്നു.
ഫ്രിറ്റ്സിന്റെ കന്നി ഗ്രാൻസ്ലാം ഫൈനൽ പ്രവേശമാണ്. യുഎസ് ഓപ്പണിൽ ക്വാർട്ടർ ഫൈനലിനപ്പുറം പ്രവേശിക്കാൻ ഫ്രിറ്റ്സിന് ഇതുവരെ സാധിച്ചിരുന്നില്ല. വിംബിൾഡണിലും ഓസ്ട്രേലിയൻ ഓപ്പണിലും ഈ വർഷം ഫ്രിറ്റ്സ് ക്വാർട്ടറിൽ വരെ എത്തിയിരുന്നു.
ആദ്യ ഇറ്റലിക്കാരൻ
യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇറ്റലിക്കാരൻ എന്ന ചരിത്രം യാനിക് സിന്നർ കുറിച്ചു. ബ്രിട്ടന്റെ ജാക്ക് ഡ്രെപ്പറിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സിന്നറിന്റെ ചരിത്ര നേട്ടം.
സ്കോർ: 7-5, 7-6 (7-3), 6-2. ഓപ്പണ്‍ കാലഘട്ടത്തിൽ ഒന്നിലധികം ഗ്രാൻസ്ലാം ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരം എന്ന റിക്കാർഡും സിന്നർ കുറിച്ചു. 2024 ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവായ സിന്നർ കരിയറിലെ രണ്ടാം ഗ്രാൻസ്ലാം സിംഗിൾസ് ട്രോഫിയാണ് ന്യൂയോർക്കിലെ അർതർ ആഷെ സ്റ്റേഡിയത്തിൽ ലക്ഷ്യംവയ്ക്കുന്നത്.
ഗ്രാൻസ്ലാം മത്സരങ്ങളിൽ സിന്നറിന്റെ 60-ാം ജയമാണ്. 2000നുശേഷം അതിവേഗം 60 ജയം എന്ന പട്ടികയിൽ നാലാം സ്ഥാനത്തും സിന്നറെത്തി. 78 മത്സരത്തിലാണ് സിന്നറിന്റെ 60 ജയം.
സ്പാനിഷ് താരങ്ങളായ കാർലോസ് അൽകരാസ് (70 മത്സരങ്ങളിൽനിന്ന്), റാഫേൽ നദാൽ (72), സെർബിയയുടെ നൊവാക് ജോക്കോവിച്ച് (77) എന്നിവരാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിൽ.