അസൂറി അട്ടഹാസം...
Sunday, September 8, 2024 12:10 AM IST
പാരീസ്: യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് രണ്ടിൽ അസൂറികളുടെ വിജയാട്ടഹാസം. ഫ്രാൻസിനെ അവരുടെ തട്ടകത്തിൽവച്ച് ഇറ്റലി 3-1നു കീഴടക്കി. കിക്കോഫിനുശേഷം 12-ാം സെക്കൻഡിൽ ഫ്രാൻസ് ഇറ്റലിയുടെ വലയിൽ പന്ത് നിക്ഷേപിച്ചു. ബ്രാഡ്ലി ബർകോളയായിരുന്നു ഗോൾ.
30-ാം മിനിറ്റിൽ ഇറ്റലി കടം വീട്ടി. ഫ്രെഡെറിക്കോ ഡിമാർകോയുടെ വകയായിരുന്നു ഇറ്റലിയുടെ ഗോൾ. 1-1 സമനിലയുമായി ആദ്യപകുതി അവസാനിപ്പിച്ച അസൂറികൾ രണ്ടാം പകുതിയിൽ രണ്ടു ഗോളടിച്ച് ഫ്രാൻസിനെ വീഴ്ത്തി. ഡേവിഡ് ഫ്രാട്ടെസി (51’), ജിയാകോമോ റാസ്പഡോറി (74’) എന്നിവരായിരുന്നു ഇറ്റലിക്കായി ഗോൾ സ്വന്തമാക്കിയത്.
ഗ്രൂപ്പ് രണ്ടിലെ മറ്റൊരു മത്സരത്തിൽ ബെൽജിയം 3-1ന് ഇസ്രയേലിനെ തോൽപ്പിച്ചു. കെവിൻ ഡിബ്രൂയിന്റെ (21’, 52’ പെനാൽറ്റി) ഇരട്ട ഗോളാണ് ബെൽജിയത്തിനു ജയമൊരുക്കിയത്. ഗ്രൂപ്പ് മൂന്നിൽ എർലിംഗ് ഹാലണ്ടിനു ഗോൾ നേടാൻ സാധിക്കാതിരുന്ന മത്സരത്തിൽ നോർവെ കസക്കിസ്ഥാനുമായി 0-0 സമനിലയിൽ പിരിഞ്ഞു.