ദുലീപ് ട്രോഫിക്കിടെ ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കും
Thursday, September 5, 2024 12:00 AM IST
ചെന്നൈ: ബംഗ്ലാദേശിനെതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ദുലീപ് ട്രോഫി പോരാട്ടത്തിനിടെ പ്രഖ്യാപിക്കും. ബംഗ്ലാദേശിനെതിരായ രണ്ടു മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം ഈ മാസം 19ന് ചെന്നൈയിലാണ്. 12 മുതൽ ഇന്ത്യൻ ടീം പരിശീലനം ആരംഭിക്കും. എന്നാൽ, ബിസിസിഐ ഇതുവരെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്നാരംഭിക്കുന്ന 2024 ദുലീപ് ട്രോഫി ടൂർണമെന്റിന്റെ ആദ്യറൗണ്ട് പോരാട്ടത്തിനുശേഷം ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടീം പ്രഖ്യാപനം നടക്കുമെന്നാണ് വിവരം. ഇന്ത്യ എ, ബി, സി, ഡി ടീമുകൾ ഇന്ന് ആദ്യ റൗണ്ട് ദുലീപ് ട്രോഫി പോരാട്ടത്തിനായി അനന്ത്പുരിലും ബംഗളൂരുവിലും ഇറങ്ങും.
ഋതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ഇന്ത്യ സി ശ്രേയസ് അയ്യറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഡിയെ ആന്ധ്രയിലെ അനന്ത്പുരിൽ നേരിടും.
രാവിലെ 9.30നാണ് ചതുർദിന പോരാട്ടം ആരംഭിക്കുക. ഇതേസമയം ബംഗളൂരുവിൽ ശുഭ്മാൻ ഗിൽ നയിക്കുന്ന ഇന്ത്യ എ, അഭിമന്യു ഈശ്വറിന്റെ ഇന്ത്യ ബിയെ നേരിടും. രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നീ പ്രമുഖർ ദുലീപ് ട്രോഫിയിൽ കളിക്കുന്നില്ല.