ബംഗ്ലാദേശ് ചരിത്ര ജയത്തിലേക്ക്
Tuesday, September 3, 2024 1:55 AM IST
റാവൽപിണ്ടി: പാക്കിസ്ഥാനെതിരേ ചരിത്ര ടെസ്റ്റ് പരന്പര ജയത്തിന്റെ വക്കിൽ ബംഗ്ലാദേശ്. രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരം ജയിച്ച ബംഗ്ലാദേശ് രണ്ടാം പോരാട്ടത്തിലും വെന്നിക്കൊടി പാറിക്കാനുള്ള തയാറെടുപ്പിലാണ്. രണ്ടാം ടെസ്റ്റിന്റെ നാലാംദിനം അവസാനിക്കുന്പോൾ ബംഗ്ലാദേശിന് ജയിക്കാൻ 143 റണ്‍സ് കൂടി മതി.
പാക്കിസ്ഥാൻ മുന്നോട്ടുവച്ച 185 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 42 റണ്‍സ് എടുത്തിട്ടുണ്ട്. സ്കോർ: പാക്കിസ്ഥാൻ 274, 172. ബംഗ്ലാദേശ് 262, 42/0.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഒന്‍പത് റണ്‍സ് എന്ന നിലയിലാണ് പാക്കിസ്ഥാൻ നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 46.4 ഓവറിൽ 172 റണ്‍സിനു പാക് ഇന്നിംഗ്സ് അവസാനിച്ചു. 43 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹസൻ മുഹമ്മദും 44 റണ്‍സിനു നാലു വിക്കറ്റ് സ്വന്തമാക്കിയ നഹിദ് റാണയുമാണ് പാക്കിസ്ഥാനെ എറിഞ്ഞു വീഴ്ത്തിയത്.
കന്നി പരന്പര
പാക്കിസ്ഥാനെതിരേ അവരുടെ മണ്ണിൽ ബംഗ്ലാദേശിന്റെ കന്നി പരന്പര ജയമാണ് ഇന്നു കുറിക്കപ്പെടുക. 2021ൽ സിംബാബ്വെയ്ക്കെതിരേയായിരുന്നു (1-0) ബംഗ്ലാദേശിന്റെ അവസാന വിദേശ പരന്പര ജയം.
ചരിത്രത്തിൽ മൂന്നാം വിദേശ പരന്പര ജയം എന്ന നേട്ടത്തിനു വക്കിലാണ് ബംഗ്ല കടുവകൾ. 2009ൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു (2-0) ബംഗ്ലാദേശിന്റെ ആദ്യ വിദേശ പരന്പര ജയം.