മാർക്വേസിന്റെ ഇന്ത്യ ഇന്നു കളത്തിൽ
Tuesday, September 3, 2024 1:55 AM IST
ഹൈദരാബാദ്: പുതിയ പരിശീലകൻ മാനോലോ മാർക്വേസിന്റെ ശിക്ഷണത്തിലെ ആദ്യ മത്സരത്തിന് ഇന്ത്യൻ ദേശീയ പുരുഷ ഫുട്ബോൾ ടീം ഇന്നിറങ്ങും. ഇന്റർകോണ്ടിനെന്റൽ കപ്പിൽ മൗറീഷ്യസാണ് ഇന്ത്യയുടെ എതിരാളികൾ. രാത്രി 7.30ന് ഹൈദരാബാദിലാണ് മത്സരം.
2024ൽ ഇന്ത്യക്കിതുവരെ ജയം നേടാൻ സാധിച്ചിട്ടില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഖത്തറിനെതിരേ ജൂണ്‍ 11നു നടന്ന മത്സരത്തിൽ പരാജയപ്പെട്ടതാണ് ഇന്ത്യയുടെ അവസാന മത്സരം. സുനിൽ ഛേത്രിയുടെ വിരമിക്കലിനുശേഷമുള്ള ഇന്ത്യയുടെ ഏക മത്സരവും അതായിരുന്നു.
ഹൈദരാബാദിൽ ഇന്ത്യൻ ടീം രാജ്യാന്തര മത്സരത്തിനിറങ്ങുന്നത് നീണ്ട 16 വർഷത്തെ ഇടവേളയ്ക്കുശേഷമാണ്. മൗറീഷ്യസിനെതിരേ ഇന്ത്യ കളിച്ച ഏക മത്സരത്തിൽ ജയം നേടി. സഹൽ അബ്ദുൾ സമദാണ് ടീമിലെ ഏക മലയാളി സാന്നിധ്യം.