യുഎസ് ചാന്പ്യൻ
Monday, August 12, 2024 12:38 AM IST
പാരീസ്: 2024 പാരീസ് ഒളിന്പിക്സിൽ യുഎസ്എയ്ക്ക് ഓവറോൾ ചാന്പ്യൻഷിപ്. 33-ാം ഒളിന്പിക്സിന്റെ അവസാനദിനത്തിലെ അവസാന ഇനം വരെ അമേരിക്കയും ചൈനയും തമ്മിൽ ചാന്പ്യൻഷിപ്പിനായി ഇഞ്ചോടിഞ്ചു പോരാട്ടത്തിലായിരുന്നു. യുഎസ്എ പാരീസ് ഒളിന്പിക്സിൽ തങ്ങളുടെ അവസാന ഇനമായ വനിതകളുടെ ബാസ്കറ്റ്ബോളിൽ ആതിഥേയരായ ഫ്രാൻസിനെ 67-66ന് തോൽപ്പിച്ചാണ് മെഡൽ പട്ടികയിൽ ചൈനയെ മറികടന്ന് ഒന്നാമതെത്തിയത്.
അമേരിക്കയും ചൈനയും 40 സ്വർണം വീതമാണ് സ്വന്തമാക്കിയത്. എന്നാൽ, ആകെ മെഡലുകളിൽ അമേരിക്ക 126 എണ്ണം നേടിയപ്പോൾ ചൈനയ്ക്ക് ആകെ 91 മെഡലുകൾ നേടാനേ സാധിച്ചുള്ളൂ. 20 സ്വർണം ഉൾപ്പെടെ 45 മെഡലുകളുമായി ജപ്പാനാണ് മൂന്നാമത്. ഓസ്ട്രേലിയയും ഫ്രാൻസും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. ഒരു വെള്ളിയും അഞ്ചു വെങ്കലവുമായി ഇന്ത്യ 71-ാം സ്ഥാനത്താണ്.
കഴിഞ്ഞ ഏഴ് ഒളിന്പിക്സുകളിൽ ആറിലും അമേരിക്കയ്ക്കായിരുന്നു ഓവറോൾ ചാന്പ്യൻഷിപ്. 1996 അറ്റ്ലാന്റ ഒളിന്പിക്സ് മുതലുള്ള കണക്കാണിത്. 1996, 2000 സിഡ്നി, 2004 ഏഥൻസ് ഓവറോൾ കിരീടം അമേരിക്കയ്ക്കായിരുന്നു. എന്നാൽ, 2008 ബെയ്ജിംഗിൽ ചൈന അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ആ കുതിപ്പിന്റെ സൂചന 2000ലെ മൂന്നാം സ്ഥാനത്തിലൂടെയും 2004ലെ രണ്ടാം സ്ഥാനത്തിലൂടെയും ചൈന നൽകിയിരുന്നു.
എന്നാൽ, 2012 ലണ്ടൻ, 2016 റിയൊ, 2020 ടോക്കിയോ ഒളിന്പിക്സുകളിൽ അമേരിക്ക വീണ്ടും ചാന്പ്യൻപട്ടം കരസ്ഥമാക്കി. ലണ്ടനിലും ടോക്കിയോയിലും ചൈനയായിരുന്നു രണ്ടാമത്. റിയോയിൽ ബ്രിട്ടനു പിന്നിവൽ മൂന്നാം സ്ഥാനത്തും ചൈനയുണ്ടായിരുന്നു.