ചരിത്രം കുറിച്ച് പതിനാറുകാരന് ക്വിന്‍സി വില്‍സണ്‍
Saturday, August 10, 2024 2:12 AM IST
2024 പാരീസ് ഒളിമ്പിക്സില്‍ അമേരിക്കന്‍ ചരിത്രം കുറിച്ച് പതിനാറുകാരനായ ക്വിന്‍സി വില്‍സണ്‍. അമേരിക്കയുടെ ഒളിമ്പിക് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റ് എന്ന റിക്കാര്‍ഡ് ക്വിന്‍സി സ്വന്തമാക്കി.
ഇന്നലെ പുരുഷ 4x400 മീറ്റര്‍ റിലേയില്‍ അമേരിക്കയ്ക്കുവേണ്ടി ബാറ്റണേന്തിയതോടെയാണ് ക്വിന്‍സി ചരിത്രത്താളില്‍ ഇടംപിടിച്ചത്.
128 വര്‍ഷമായി ഒളിമ്പിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ അമേരിക്ക പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായാണ് ഒരു പതിനാറുകാരന് അമേരിക്കയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ മത്സരിച്ചത്. 1964 ടോക്കിയോ ഒളിമ്പിക്സില്‍ മധ്യദൂര ഓട്ടക്കാരനായ ജിം റ്യൂണ്‍ 17-ാം വയസില്‍ ഇറങ്ങിയതായിരുന്നു ഇതുവരെയുള്ള അമേരിക്കന്‍ റിക്കാര്‍ഡ്.
അമേരിക്കയുടെ ഒളിമ്പിക് ടീമിലുള്‍പ്പെടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റ് എന്ന നേട്ടത്തോടെയാണ് ക്വിന്‍സി പാരീസിലെത്തിയത്. റിലേ ടീമിലായിരുന്നു ക്വിന്‍സ്.
മിക്സഡ് 4x400 മീറ്റര്‍ റിലേയില്‍ ക്വിന്‍സിക്ക് ഇടം ലഭിച്ചില്ല. എന്നാല്‍, ഇന്നലെ നടന്ന പുരുഷ 4x400 മീറ്റര്‍ റിലേയില്‍ അമേരിക്കന്‍ ജഴ്സിയില്‍ ക്വിന്‍സി ബാറ്റണേന്തി. 2:59.15 സെക്കന്‍ഡില്‍ ഹീറ്റ് നമ്പര്‍ ഒന്നില്‍ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത് അമേരിക്ക ഫൈനലിനു യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്.
2016 റിയൊ ഒളിമ്പിക്സ് കണ്ടതോടെയാണ് ട്രാക്കില്‍ അമേരിക്കയെ പ്രതിനിധീകരിക്കണമെന്ന മോഹം ക്വിന്സിക്കുണ്ടായത്. അതേവര്‍ഷം മുതല്‍ 400 മീറ്ററില്‍ ക്വിന്‍സി പോരാട്ടമാരംഭിച്ചു. അണ്ടര്‍ 18 ലോക റിക്കാര്‍ഡ് രണ്ടു പ്രാവശ്യം തകര്‍ത്തതോടെയാണ് ക്വിന്‍സി അമേരിക്കയുടെ ഒളിമ്പിക് റിലേ ടീമിലുള്‍പ്പെട്ടത്.