വിനേഷ് ഫോഗട്ടിന് ഒളിന്പിക് ഫൈനലിനുമുന്പ് അയോഗ്യത
Thursday, August 8, 2024 2:27 AM IST
പാരീസ്: രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളും വെറും നൂറു ഗ്രാം തൂക്കത്തിന്റെ സാങ്കേതികത്വത്തിൽ ഞെരിഞ്ഞമർന്ന ദിനം.
പാരീസിൽ തുടരുന്ന 33-ാം ഒളിന്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മെഡൽ ഉറപ്പാക്കിയ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ നൂറുഗ്രാം അധികതൂക്കത്തിന്റെ പേരിൽ ഇന്നലെ രാവിലെ അന്തിമപോരാട്ടത്തിനുമുന്പ് അയോഗ്യയാക്കുകയായിരുന്നു. പാരീസ് ഗെയിംസ് വില്ലേജിൽ ഇന്ത്യൻ അധികൃതർ കരഞ്ഞപേക്ഷിച്ചെങ്കിലും തൂക്കം നിയന്ത്രണവിധേയമാക്കാനുള്ള സമയം അനുവദിച്ചില്ല.
കായികജീവിതത്തിലെ ഏറ്റവുംവലിയ നിരാശയോടെ ഒളിന്പിക് വേദിയിൽനിന്ന് വെറുംകൈയോടെ മടങ്ങിയെത്താനാണു നിയോഗമെങ്കിലും താരത്തെ ചേർത്തുപിടിക്കുകയാണ് നൂറ്റിനാൽപതുകോടിയിലധികം വരുന്ന ഇന്ത്യൻ ജനത.
സാധ്യമായതെല്ലാം ചെയ്യാൻ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയോടു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. അയോഗ്യതയ്ക്കെതിരേ ലോക ഗുസ്തി ഫെഡറേഷനെ സമീപിച്ചതായി ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അറിയിച്ചു.
പ്രതിഷേധങ്ങളും അപ്പീലും തുടരുകയാണെങ്കിലും ഒളിന്പിക്സിൽ ഗുസ്തി മത്സരങ്ങൾ മുൻനിശ്ചയിച്ച പ്രകാരം തുടരുകയാണ്. സെമി ഫൈനലിൽ വിനേഷിന്റെ കരുത്തിനു മുന്നിൽ കീഴടങ്ങിയ ക്യൂബൻ താരം യുസ്നീലിസ് ലോപസ് ഫൈനലിന് അർഹത നേടി. യുഎസ് താരം സാറ ഹിൽഡേബ്രാൻഡ് ആണ് എതിരാളി.
ചൊവ്വാഴ്ച രാത്രി നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ലോക ഒന്നാംനന്പറായ, ഒളിന്പിക്സ് സ്വർണമെഡലും നാലു തവണ ലോകകിരീടവും സ്വന്തമാക്കിയ ജപ്പാൻ താരം യുയി സുസാകിയെ 2-3 ന് മലർത്തിയടിച്ചതോടെയാണ് ഫോഗട്ട് ഇന്ത്യൻ പ്രതീക്ഷകളിൽ സ്വർണവർണം നിറച്ചത്.
ഫൈനലിൽ പരാജയപ്പെട്ടാൽപ്പോലും വെള്ളിമെഡൽ ലഭിച്ചേനെ. നിശ്ചയിക്കപ്പെട്ട അളവിലേക്കു ഭാരം എത്തിക്കാൻ സാധ്യമായ മാർഗങ്ങളെല്ലാം പ്രയോഗിച്ചുവെന്ന് ഫോഗട്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷ പർദിവാല പറഞ്ഞു.
ഭക്ഷണവും കുടിവെള്ളവും ശാസ്ത്രീയമായി ക്രമീകരിച്ചു. സൗന ബാത്ത് (നീരാവിയിലുള്ള സ്നാനം) കായികാധ്വാനം എന്നിവയും നടത്തി. ചൊവ്വാഴ്ച രാത്രി മുഴുവൻ കഠിനവ്യായാമവും ഭക്ഷണ നിയന്ത്രണവും നടത്തി. ഇതേത്തുടർന്ന് നിർജലീകരണം മൂലം ഇന്നലെ രാവിലെ ഗെയിംസ് വില്ലേജിലെ ക്ലിനിക്കിൽ ഫോഗട്ടിനെ പ്രവേശിപ്പിക്കേണ്ടിയും വന്നു.
അയോഗ്യയാക്കിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ വിനേഷ് ഫോഗട്ടിനെ സന്ദർശിച്ചുവെന്നും കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെയും മുഴുവൻ പിന്തുണയും ഉറപ്പു നൽകിയെന്നും ഐഒസി പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞു.
വിനേഷ് ഫോഗട്ടിനെ ചാന്പ്യൻമാരുടെ ചാന്പ്യൻ എന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ വിശേഷിപ്പിച്ചത്. രാജ്യാന്തര ഗുസ്തി ഫെഡറേഷനു മുന്നിൽ ശക്തമായ പ്രതിഷേധം അറിയിച്ചതായി കായികമന്ത്രി മൻസുഖ് മാണ്ഡവ്യയും പറഞ്ഞു.
സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷകക്ഷികൾ. ലൈംഗികാരോപണം നേരിട്ട ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായിരുന്ന ബ്രിജ്ഭൂഷൻ സിംഗിനെതിരേ സമരത്തിനു നേതൃത്വം നൽകിയത് വിനേഷ് ഫോഗട്ടാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഫോഗട്ടിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റിനു പുറത്ത് പ്രതിഷേധിച്ചു.