പാരീസിൽ ശ്രദ്ധിക്കേണ്ട യുവതാരങ്ങൾ
Friday, July 19, 2024 12:04 AM IST
അജിത് ജി. നായർ
ഒളിന്പിക്സ് മെഡൽ എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണ്. സ്കൂൾ പ്രായം പിന്നിടും മുന്പ് ഒളിന്പിക്സിൽ എത്തി നേട്ടങ്ങൾ കൊയ്തിട്ടുള്ള നിരവധി താരങ്ങളെ ചരിത്രത്തിൽ കാണാം. ഇക്കുറി പാരീസിലും ഒരു പിടി യുവതാരങ്ങൾ മെഡൽ സ്വപ്നവുമായി എത്തുന്നു. പാരീസിൽ മെഡൽ പ്രതീക്ഷയുള്ള സുപ്രധാന യുവതാരങ്ങളെക്കുറിച്ച്...
സമ്മർ മക്ലിന്റോഷ് (നീന്തൽ)

പ്രായം പതിനേഴുമാത്രമേ ഉള്ളെങ്കിലും കനേഡിയൽ താരം സമ്മർ മക്ലിന്റോഷിന് ഇതു രണ്ടാം ഒളിന്പിക്സാണ്. 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ ലോക റിക്കാർഡ് ജേതാവായ സമ്മർ 400, 800മീറ്റർ ഫ്രീസ്റ്റൈലിൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിതയാണ്. 800 മീറ്ററിൽ ഫ്രീസ്റ്റൈലിൽ ഇതിഹാസ താരം കാത്തി ലെഡക്കിയുടെ 13 വർഷം നീണ്ട കുത്തക ഈ ഫെബ്രുവരിയിൽ തകർക്കാനും സമ്മറിനു സാധിച്ചു.
പാരീസിൽ 200 മീറ്റർ ബട്ടർഫ്ളൈ, 400 മീറ്റർ വ്യക്തിഗത മെഡ്ലെ, 200 മീറ്റർ വ്യക്തിഗത മെഡ്ലെ,400 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നീ ഇനങ്ങളിലാണ് മക്ലിന്റോഷ് മത്സരിക്കുന്നത്. 200 മീറ്റർ ബട്ടർഫ്ളൈ, 400 മീറ്റർ വ്യക്തിഗത മെഡ്ലെ എന്നിവയിൽ രണ്ടു വട്ടം ലോകചാന്പ്യനാണ് സമ്മർ മക്ലിന്റോഷ്.
ക്വിൻസി വിൽസണ് (അത്ലറ്റിക്സ്)

ട്രാക്ക് ആൻഡ് ഫീൽഡിൽ ഒളിന്പിക്സിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പതിനാറുകാരനായ ക്വിൻസി വിൽസണ്. അണ്ടർ-18 വിഭാഗത്തിൽ 400 മീറ്ററിലെ 42 വർഷം പഴക്കമുള്ള റിക്കാർഡ് തകർത്താണ് ക്വിൻസിയുടെ വരവ്. അമേരിക്കൻ ട്രയൽസിൽ ഹീറ്റ്സിൽ 44.66 കുറിച്ചായിരുന്നു അത്. രണ്ടു ദിവസത്തിനു ശേഷം സെമിയിൽ 44.59 എന്നനിലയിൽ റിക്കാർഡ് മെച്ചപ്പെടുത്താനും ഈ കൗമാരക്കാരനു കഴിഞ്ഞു. 400 മീറ്റർ റിലേയിൽ അമേരിക്കൻ സ്ക്വാഡിൽ ഇടംപിടിച്ചിട്ടുള്ള ക്വിൻസി, പാരീസിൽ ചരിത്രം സൃഷ്ടിക്കുമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
അന്ന ഹർസി (ടേബിൾ ടെന്നീസ്)

അഞ്ചാം വയസിൽ ടേബിൾ ടെന്നീസ് കളിച്ചു തുടങ്ങിയ ബ്രിട്ടീഷ് താരം അന്ന ഹർസി, വെറും 10 വയസുള്ളപ്പോഴാണ് ദേശീയ ടീമിനെ ആദ്യമായി പ്രതിനിധീകരിക്കുന്നത്. വെയ്ൽസിൽ ജനിച്ച ഈ പതിനെട്ടുകാരി മുഴുവൻ സമയ പരിശീലനത്തിനായി അമ്മയുടെ നാടായ ചൈനയിലേക്ക് 2019ൽ ചേക്കേറി. മൂന്നു വർഷങ്ങൾക്കു ശേഷം കോമണ്വെൽത്ത് ഗെയിംസിൽ ഡബിൾസ് വിഭാഗത്തിൽ വെങ്കല മെഡൽ ജേതാവായി. കോമണ്വെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായി ചരിത്രം കുറിച്ച ഹർസി ഇക്കുറി പാരീസിൽ സ്വർണത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല.
ക്വുവാൻ ഹോംഗ്ചാൻ (ഡൈവിംഗ്)

പതിനേഴു വയസ് മാത്രമേയുള്ളെങ്കിലും ചൈനയുടെ ക്വുവാൻ ഹോംഗ്ചാന്റെ രണ്ടാം ഒളിന്പിക്സാണിത്. 10 മീറ്റർ പ്ലാറ്റ്ഫോമിൽ നിലവിലെ ഒളിന്പിക് ജേതാവു കൂടിയായ താരം സ്വർണം നിലനിർത്താനുറച്ചാണ് പാരീസിൽ എത്തുന്നത്. ടോക്കിയോയിൽ പതിനഞ്ചുകാരിയായ സഹതാരം ചെൻ യൂക്സിയെ തോൽപ്പിച്ച് സ്വർണം നേടുന്പോൾ ക്വുവാന് പ്രായം വെറും 14. അന്ന് അഞ്ചിൽ രണ്ടു ഡൈവിനും ഏഴു റഫറിമാരും വിധിച്ചത് പെർഫെക്ട് സ്കോറായിരുന്നു.
കഴിഞ്ഞ രണ്ട് ഒളിന്പിക്സുകളിലായി പുരുഷ-വനിതാ വിഭാഗത്തിലായി ഒരേയൊരു സ്വർണം മാത്രമാണ് ചൈനയ്ക്ക് നഷ്ടമായത്. ഒളിന്പിക് സ്വർണ നേട്ടത്തിനു പിന്നാലെ അഞ്ച് ലോകചാന്പ്യൻഷിപ് സ്വർണംകൂടി ഷോക്കേസിലെത്തിക്കാൻ ക്വുവാനു കഴിഞ്ഞു.
എമ്മാ ഫിനുകെയ്ൻ (സൈക്ലിംഗ്)

യൂറോപ്യൻ, ലോക ചാന്പ്യൻ എന്നീ പകിട്ടുകളോടെയാണ് ബ്രിട്ടിന്റെ എമ്മാ ഫിനുകെയൻ പാരീസിലെത്തിയിരിക്കുന്നത്. രണ്ട് ഒളിന്പിക്സ് സ്വർണവും ആറ് ലോക സ്പ്രിന്റ് കിരീടങ്ങളും നേടിയ ബ്രിട്ടീഷ് സൈക്ലിസ്റ്റ് വിക്ടോറിയ പെൻഡൽടണിനോടാണ് ഏവരും എമ്മയെ ഉപമിക്കുന്നത്. വെയ്ൽസിൽ നിന്നുള്ള ഈ ഇരുപത്തൊന്നുകാരി എട്ടാം വയസിൽ തന്നെ പെഡൽ ചവിട്ടിത്തുടങ്ങി. കഴിഞ്ഞ വർഷം ഗ്ലാസ്കോയിൽ ലോകകിരീടം ചൂടുന്പോൾ ഒരു ദശാബ്ദത്തിനിടെ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് താരമായിരുന്നു.
ഈ ജനുവരിയിൽ ആപെൽഡോണിൽ നടന്ന യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ സ്പ്രിന്റ് സ്വർണം നേടിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷുകാരിയുമായി.
ബെക്കി ജയിംസും വിക്ടോറിയ പെൻഡിൽടണും കഴിഞ്ഞാൽ ലോകചാന്പ്യൻഷിപ്പിൽ സ്പ്രിന്റ് സ്വർണം നേടുന്ന മൂന്നാമത്തെ മാത്രം ബ്രിട്ടീഷ് വനിതയാണ് ഫിനുകെയ്ൻ. സമുദ്ര തീരത്തു കൂടിയുള്ള 200 മീറ്റർ സ്പ്രിന്റിൽ ഒരു വനിതയുടെ ഏറ്റവും മികച്ച സമയം കുറിച്ചു കൊണ്ടാണ് ഫിനുകെയ്ൻ ഒളിന്പിക്സിനെത്തിയിരിക്കുന്നത്.