ഹ്യൂഗോയുടെ വീട്ടിൽ ഒളിന്പിക് ദീപശിഖ
Friday, July 19, 2024 12:04 AM IST
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര
2024 ഒളിന്പിക്സിലേക്ക് പാരീസ് നഗരവും ഫ്രാൻസും പൂർണമായി അലിഞ്ഞു ചേർന്നിരിക്കുന്നു. നഗരം ഒളിന്പിക്സിന്റെ ആവേശാരവങ്ങളിൽ മുഴുകി.
ഒളിന്പിക്സിനു മുന്നോടിയായി പാരീസിന്റെ ചരിത്ര സ്മാരകങ്ങളിലൂടെ ദീപശിഖ കടന്നുപോയതായിരുന്നു ഏറ്റവും വലിയ ആകർഷണം. അതിൽ ഏറ്റവും ശ്രദ്ധേയം വിശ്വോത്തര കഥാകൃത്ത് വിക്ടർ ഹ്യൂഗോയുടെ വീട്ടിൽ ദീപശിഖ എത്തിച്ചതായിരുന്നു.
ഒളിന്പിക് ദീപശിഖ പ്രയാണം ബാസ്റ്റിൽ ദിന സൈനിക പരേഡിനൊപ്പം ചേർന്നായിരുന്നു പ്രശസ്തമായ സ്മാരകങ്ങളിലൂടെ കടന്നുപോയത്. ഷോംസ് എലിസെയ്, നാഷണൽ അസംബ്ലി, സൊർബോണ്‍ യൂണിവേഴ്സിറ്റി, നോത്രദാം കത്തീഡ്രൽ, ലൂവ്ര് മ്യൂസിയം എന്നിവിടങ്ങളിലൂടെയും ദീപശിഖ സഞ്ചരിച്ചു.
220 പേരാണ് പാരിസിലെ പ്രയാണത്തിൽ ദീപശിഖ വഹിച്ചത്. ഫ്രാൻസിൽ ഇതുവരെ 450 ഓളം നഗരങ്ങളിൽ ദീപശിഖ പ്രയാണം നടന്നു. തീവ്രവാദ വിരുദ്ധ ടീം ഉൾപ്പെടെ ഇരുനൂറോളം സേനാംഗങ്ങൾ ദീപശിഖയ്ക്കു ചുറ്റും എപ്പോഴും സുരക്ഷാവലയം തീർക്കുന്നുണ്ട്.