പാരീസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരിൽ ഏഴു മലയാളികൾ
Thursday, July 18, 2024 12:55 AM IST
ന്യൂഡൽഹി: പാരീസ് ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരിൽ ഏഴു മലയാളികൾ. ഒളിന്പിക്സിനുള്ള കായികതാരങ്ങളെ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രഖ്യാപിച്ചു. 117 അത്ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങൾക്കിറങ്ങുക.
ഇവർക്കൊപ്പം 140 അംഗ സപ്പോർട്ടിംഗ് സ്റ്റാഫുകളും പാരീസിലേക്കു യാത്ര യാകും. എന്നാൽ ഇവർക്കൊപ്പം വനിതകളുടെ ഷോട്ട്പുട്ടിലെ ദേശീയ റിക്കാർഡിനുടമയായ അഭ ഖതുവയെ അത്ലറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒളിന്പിക്സിനുള്ള യോഗ്യതാ മാനദണ്ഡം ഖതുവ കടന്നിരുന്നു.
ഏഴ് മലയാളികളാണ് ഇന്ത്യൻ സംഘത്തിലുള്ളത്. പുരുഷൻമാരുടെ 4x400 റിലേ ടീം അംഗങ്ങളായി വൈ. മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ എന്നിവരും ട്രിപ്പിൾ ജംപിൽ അബ്ദുള്ള അബൂബക്കർ, ഹോക്കി ടീമിൽ ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്, ബാഡ്മിന്റണ്‍ സിംഗിൾസിൽ എച്ച്.എസ്. പ്രണോയ് എന്നിവരുമാണ് ഇടംപിടിച്ചത്. 2020 ടോക്കിയോ ഒളിന്പിക്സിൽ ഒൻപത് മലയാളികൾ ഉണ്ടായിരുന്നു.
പാരീസ് ഒളിന്പിക്സ് സംഘാടകസമിതിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഗെയിംസ് വില്ലേജിൽ സപ്പോർട്ടിംഗ് സ്്റ്റാഫിൽ താമസിക്കാനുള്ള അനുമതി 67 പേർക്കാണെന്ന് ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞു. മറ്റുള്ളവർക്ക് സർക്കാർ ചെലവിൽ സമീപത്തുള്ള സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായും അവർ കൂട്ടിച്ചേർത്തു.
ഒളിന്പിക് സംഘം
ടോക്കിയ ഒളിന്പിക്സിലെ ജാവലിൻ ത്രോയിലെ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര ഉൾപ്പെടുന്ന അത്ലറ്റിക്സ് ടീമാണ് ഇന്ത്യയുടെ ഒളിന്പിക് സംഘത്തിലെ വലിയ ഗ്രൂപ്പ് 29 പേരുള്ള സംഘത്തിൽ 11 സ്ത്രീകളും 18 പുരുഷ·ാരുമുണ്ട്. ഷൂട്ടിംഗ് (21), ഹോക്കി (19) എന്നിവയാണ് അടുത്ത വലിയ സംഘങ്ങൾ. ടേബിൾ ടെന്നീസിൽ എട്ടുപേരും. രണ്ടു തവണ ഒളിന്പിക് മെഡൽ ജേതാവ് പി.വി. സിന്ധു ഏഴംഗ ബാഡ്മിന്റണ്‍ ഗ്രൂപ്പിന്റെ ഭാഗമാകും.
ഗുസ്തി, അന്പെയ്ത്ത്, ബോക്സിംഗ് ടീമുകളിൽ ആറു പേർ വീതവും ഗോൾഫിൽ നാലും ടെന്നീസിൽ മൂന്നും നീന്തലിലും സെയ്ലിംഗിലും രണ്ടുപേർ വീതവുമാണുള്ളത്. അശ്വഭ്യാസം, ജൂഡോ, റോവിംഗ്, ഭാരോദ്വഹനം ഇനങ്ങളിൽ ഓരോരുത്തരാണുള്ളത്.
ടോക്കിയോ ഒളിംപിക്സിൽ, 119 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്, നീരജ് ചോപ്രയുടെ ചരിത്രപരമായ ജാവലിൻ ത്രോ സ്വർണം ഉൾപ്പെടെ ഏഴ് മെഡലുകളുടെ ഏറ്റവും മികച്ച നേട്ടവുമായി രാജ്യം മടങ്ങി.