ഇന്ത്യൻ ടീമിന് ഊഷ്മള സ്വീകരണം
Friday, July 5, 2024 12:39 AM IST
ന്യൂഡൽഹി/മുംബൈ: ലോകകപ്പ് അതിന്റെ അവകാശ മണ്ണിൽതൊട്ടു... ഇന്ത്യൻജനത കഴിഞ്ഞ കുറച്ചുദിനങ്ങളായി കാത്തിരുന്ന നിമിഷം, രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ട്രോഫിയുമായി സ്വദേശത്തു തിരിച്ചെത്തി. ജൂണ് 29നു ബാർബഡോസിൽ അരങ്ങേറിയ കുട്ടിക്രിക്കറ്റിന്റെ കിരീടപോരിൽ ദക്ഷിണാഫ്രിക്കയെ ഏഴു റണ്സിനു കീഴടക്കിയായിരുന്നു ഇന്ത്യ ചാന്പ്യൻപട്ടമണിഞ്ഞത്.
പതിറ്റാണ്ടുനീണ്ട ലോകകപ്പ് ട്രോഫി ദാഹം അവസാനിച്ചെങ്കിലും ടീമിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ബാർബഡോസിൽ ചുഴലിക്കാറ്റും പേമാരിയുമായതോടെയാണ് ടീം ഇന്ത്യയുടെ തിരിച്ചുപറക്കൽ വൈകിയത്. കാത്തിരിപ്പുകൾക്കൊടുവിൽ രോഹിത്തും സംഘവും ഇന്നലെ രാവിലെ ഡൽഹിയിൽ ലോകകപ്പ് ട്രോഫിയുമായി പറന്നിറങ്ങി.
പ്രധാനമന്ത്രിക്കൊപ്പം

ലോകകപ്പുമായി പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങൾ രോഹിത് ശർമ, മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജെയ് ഷാ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.
2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ രോഹിത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം പരാജയപ്പെട്ടപ്പോൾ ആശ്വസിപ്പിക്കാനെത്തിയ മോദിക്ക്, 2024 ട്വന്റി-20 ലോകകപ്പ് ട്രോഫി സമർപ്പിച്ച് ടീം ഇന്ത്യ സന്തോഷം പങ്കിട്ടു. നമോ എന്നെഴുതിയ ഒന്നാം നന്പർ ജഴ്സി മോദിക്ക് ജെയ് ഷായും റോജർ ബിന്നിയും ചേർന്നു സമ്മാനിച്ചു.
ലോകകപ്പുമായെത്തിയ ടീം ഇന്ത്യക്ക് വിമാനത്താവളത്തിലും ഹോട്ടലിലുമെല്ലാം വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. പ്രത്യേകം തയാറാക്കിയ കേക്ക് മുറിച്ചും രോഹിത്തും കൂട്ടരും മധുരംനുകർന്നു.
ഹാർദിക്, ഹാർദിക്...

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യൻ ടീമിന്റെ തുടർന്നുള്ള സ്വീകരണം. സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ജയ് വിളിച്ചു. ഈ വർഷം മാർച്ച്-മേയ് മാസങ്ങളിൽ അരങ്ങേറിയ ഐപിഎല്ലിൽ ഹാർദിക്കിനെ കൂവികളിയാക്കിയ അതേ സ്റ്റേഡിയമാണ് ഇന്നലെ ജയ് വിളികളാൽ ശബ്ദമുഖരിതമായതെന്നതാണ് വാസ്തവം. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു ഹാർദിക്.
2024 ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഹാർദിക്കായിരുന്നു ദക്ഷിണാഫ്രിക്കയുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തിയത്. ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ട്വന്റി-20 ഓൾറൗണ്ടർമാരിൽ ഹാർദിക് ഒന്നാം സ്ഥാനത്തുമെത്തി. ട്വന്റി-20 ഓൾറൗണ്ടർമാരുടെ ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഹാർദിക് പാണ്ഡ്യ.
മഴയിലും ആവേശം
വാങ്കഡെ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലിനായിരുന്നു ഇന്ത്യൻ ടീമിനു സ്വീകരണം നിശ്ചയിച്ചിരുന്നത്. എന്നാൽ, കനത്ത മഴയെത്തുടർന്ന് ടീം ഇന്ത്യയുടെ പ്രത്യേക വിമാനം എത്താൻവൈകി.
മറൈൻ ഡ്രൈവ് മുതൽ വാങ്കഡെ സ്റ്റേഡിയംവരെ നടത്താനിരുന്ന വിക്ടറി പരേഡും സമയത്തു നടന്നില്ല. മഴയും കാറ്റുംവകവയ്ക്കാതെ വൻആരാധകക്കൂട്ടായ്മയാണ് മറൈൻ ഡ്രൈവിൽ ഇന്ത്യൻ ടീമിന്റെ ട്രോഫി പരേഡിൽ പങ്കെടുക്കാനെത്തിയത്.
മുംബൈ താവളത്തിൽ ഇന്ത്യൻ ടീമുമായെത്തിയ പ്രത്യേകവിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചതെന്നതും ആവേശമായി.
2007 പ്രഥമ ട്വന്റി-20 ലോകകപ്പ് ജേതാക്കളായപ്പോൾ എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യക്കു നൽകിയതിനേക്കാൾ മികച്ച സ്വീകരണമാണ് രോഹിത് ശർമയ്ക്കും സംഘത്തിനും ലഭിച്ചത്. ട്വന്റി-20യിൽ ഇന്ത്യയുടെ രണ്ടാം ലോകകപ്പ് നേട്ടമാണ്. ഏകദിനത്തിൽ 1983, 2011 വർഷങ്ങളിലും ഇന്ത്യ ലോക ചാന്പ്യന്മാരായി.