ഇന്ത്യക്കു ഭേദപ്പെട്ട സ്കോർ
Friday, June 28, 2024 2:24 AM IST
ജോർജ്ടൗണ് (ഗയാന): ഐസിസി ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടിനെതിരേയുള്ള സെമി ഫൈനലിൽ ഇന്ത്യക്കു ഭേദപ്പെട്ട സ്കോർ. തുടർച്ചയായ രണ്ടാം അർധ സെഞ്ചുറിയ നേടിയ ക്യാപ്റ്റൻ രോഹിത് ശർമയുടെയും (39 പന്തിൽ 57) സൂര്യകുമാർ യാദവ് (36 പന്തിൽ 47) എന്നിവരുടെ പ്രകടനത്തിൽ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റിന് 171 റണ്‍സിലെത്തി.
തുടക്കം മുതലേ മഴ രസംകൊല്ലിയായി മഴ മൂലം 45 മിനിറ്റോളം വൈകിയാണ് മത്സരം ആരംഭിച്ചത്. മത്സരം വൈകി ആരംഭിച്ചെങ്കിലും ഓവറുകൾ വെട്ടിച്ചുരുക്കിയില്ല.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ആദ്യ ഓവറിന്റെ രണ്ടാം പന്ത് ബൗണ്ടറിലേക്കു പായിച്ച് രോഹിത് ശർമ തുടങ്ങി. മൂന്നാം ഓവറിന്റെ രണ്ടാം പന്ത് സിക്സ് പറത്തിയ വിരാട് കോഹ്ലിയെ ഒരു പന്തിനുശേഷം റീസ് ടോപ്ലി ക്ലീൻബൗൾഡായി.
ഒന്‍പത് റണ്‍സായിരുന്നു മുൻ നായകൻറെ സന്പാദ്യം. അധികം വൈകാതെ തന്നെ ഋഷഭ് പന്ത് (നാല്) സാം കരൻറെ പന്തിൽ ജോണി ബെയർസ്റ്റോയ്ക്കു ക്യാച്ച് നല്കി. രോഹിത്തിനൊപ്പം സൂര്യകുമാർ യാദവ് ചേർന്ന് സ്കോർ മികച്ച രീതിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് രസംകൊല്ലിയായി മഴയെത്തിയത്. ഈ സമയത്ത് ഇന്ത്യ എട്ട് ഓവറിൽ രണ്ടു വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലായിരുന്നു. മഴ പെട്ടെന്നുമാറിയെങ്കിലും ഒൗട്ട്ഫീൽഡിൽ നനവുണ്ടായതിനെത്തുടർന്ന് മത്സരം പുനരാരംഭിക്കാൻ വൈകി.
കളി ആരംഭിച്ചതോടെ രോഹിത്തും സൂര്യകുമാറും കളിയുടെ വേഗത്തിലാക്കി. പത്തോവർ കഴിഞ്ഞപ്പോഴേക്കും 77 റണ്‍സായി. 13ാം ഓവറിന്റെ മൂന്നാം പന്തിൽ സിക്സ് നേടിക്കൊണ്ട് ഇന്ത്യൻ നായകൻ തുടർച്ചയായ രണ്ടാമത്തെ അർധ സെഞ്ചുറിയിലെത്തി. അടുത്ത ഓവറിൽ രോഹിത്തിനെ പുറത്താക്കി ആദിൽ റഷീദ് തിരിച്ചടിച്ചു. 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത്തും സൂര്യകുമാറും സ്ഥാപിച്ചത്.
39 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 57 റണ്‍സാണ് രോഹിത് നേടിയത്. തുടർന്ന് ഹാർദിക് പാണ്ഡ്യ സ്ഥാനക്കയറ്റം നേടിയെത്തി. ഒരോവർ കഴിഞ്ഞ് മികച്ച ഫോമിൽനിന്ന സൂര്യകുമാറിനെ ആർച്ചർ പുറത്താക്കി. 36 പന്തിൽ 47 റണ്‍സ് നേടിയ സൂര്യകുമാർ നാലു ഫോറും രണ്ടു സിക്സും പായിച്ചു.
13 പന്തിൽ 23 റണ്‍സുമായി പാണ്ഡ്യ പുറത്തായി. ശിവം ദുബെ നേരിട്ട പന്തിൽ തന്നെ പുറത്തായി.രവീന്ദ്ര ജഡേജയും അക്സർ പട്ടേലും ചേർന്നു നേടിയ 24 റണ്‍സാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.