ആരൊക്കെ ബൂട്ടഴിക്കും?
Friday, June 14, 2024 1:17 AM IST
ജർമനിയിലെ ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് 21-ാം നൂറ്റാണ്ടിലെ ചില മികച്ച ഫുട്ബോൾ താരങ്ങൾക്കുള്ള അവസാന യൂറോ കൂടിയാണ്. ചിലരുടെ അവസാന അന്താരാഷ്ട്ര ടൂർണമെന്റും.
ടോണി ക്രൂസ്
മങ്ങിയ ജർമനിയെ സ്വന്തം മണ്ണിൽ ഒരു ചാന്പ്യൻഷിപ്പിലേക്കു നയിക്കാൻ ശ്രമിക്കുന്ന മിഡ്ഫീൽഡർ ടോണി ക്രൂസ് ഈ യൂറോയോടെ തന്റെ ബൂട്ടുകൾ അഴിക്കും. യൂറോ 2024ലെ ജർമൻ താരത്തിന്റെ കളത്തിലെ അവസാന നൃത്തമാണ്. റയൽ മാഡ്രിഡിനൊപ്പം യുവേഫ ചാന്പ്യൻസ് ലീഗ് കിരീടത്തോടെ ക്ലബ് ഫുട്ബോളിൽനിന്നു വിരമിച്ചു. അതേപോലെ, അവസാന അന്താരാഷ്ട്ര ടൂർണമെന്റിൽ സ്വന്തം മണ്ണിൽ കിരീടത്തോടെ ബൂട്ട് അറിക്കാനുള്ള അവസാന അവസരംകൂടിയാണിത്.
ഈ മുപ്പത്തിനാലുകാരൻ 2021-ൽ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്നു വിരമിച്ചിരുന്നുവെങ്കിലും ദേശീയ പരിശീലകൻ ജൂലിയൻ നാഗെൽസ്മാനുമായുള്ള ചർച്ചയ്ക്കുശേഷം തീരുമാനം മാറ്റുകയായിരുന്നു.
മികച്ച സർഗാത്മകതയ്ക്കും കാഴ്ചപ്പാടിനും സെറ്റ് പീസ് എടുക്കുന്നതിലുള്ള കഴിവിനും പേരുകേട്ട ക്രൂസ്, 2014-ൽ ജർമനിയുടെ ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു.
ഒലിവിയെ ജിറൂ
എക്കാലത്തെയും അണ്ടർറേറ്റഡ് സ്ട്രൈക്കർമാരിൽ ഒരാളായ ഫ്രാൻസിന്റെ ഒലിവിയെ ജിറൂ ഈ യൂറോ പതിപ്പിന് ശേഷം അന്താരാഷ്ട്ര ഡ്യൂട്ടിയിൽനിന്ന് പടിയിറങ്ങും. ഇതോട്െ ദേശീയ ടീമുമെത്തുള്ള 13 വർഷത്തെ യാത്രയ്ക്കാണ് വിരാമമിടുന്നത്.
131 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ നേടി രാജ്യത്തെ എക്കാലത്തെയും ടോപ് സ്കോററായ ജിറൂ യുവാക്കൾക്കായി വഴിമാറുന്നുവെ ന്നാണു വിരമിക്കൽ പ്രഖ്യാപനത്തിൽ പറഞ്ഞത്.
ഫ്രാൻസിന്റെ 2018 ലോകകപ്പ് ജൈത്രയാത്രയ്ക്കിടെ 37-കാരൻ വല കുലുക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ നാലു ഗോളുകൾ നേടി. ഫ്രാൻസിന്റെ അടുത്ത തലമുറയിലെ കളിക്കാരുമായി ചേർന്ന് അവസാന ടൂർണമെന്റ് ഗംഭീരമാക്കുകയാണ് താരത്തിന്റെ ലക്ഷ്യം.
ലൂക്ക മോഡ്രിച്ച്
ക്രൊയേഷ്യക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനായ ലൂക്കാ മോഡ്രിച്ച് വീണ്ടും യൂറോയിൽ ടീമിനെ നയിക്കും. ഇത് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനു മുന്പുള്ള അദ്ദേഹത്തിന്റെ അവസാന പ്രധാന ടൂർണമെന്റായിരിക്കും.
2006 ഫിഫ ലോകകപ്പിലാണ് ക്രൊയേഷ്യക്കൊപ്പമുള്ള തന്റെ അന്താരാഷ്ട്ര യാത്ര ആരംഭിച്ചത്. ഇപ്പോൾ ഈ മുപ്പത്തിയെട്ടുകാരൻ ഒരു മികച്ച കരിയറിന്റെ അവസാന ഘട്ടത്തിലാണ്. 2025 വരെ റയൽ മാഡ്രിഡുമായി ക്ലബ് ഫുട്ബോൾ കരിയർ നീട്ടിയിരിക്കുകയാണ്.
ഒറ്റയ്ക്കു കളിയെ മാറ്റിമറിക്കാനുള്ള കഴിവ് കുറഞ്ഞുവരികയാണെങ്കിലും മോഡ്രിച്ച് ഇപ്പോഴും ക്രൊയേഷ്യയുടെ പ്രധാന കളിക്കാരൻ തന്നെയാണ്. മധ്യനിരയിൽനിന്നു ടീമിന്റ ആക്രമണം സംഘടിപ്പിക്കുന്നത് മോഡ്രിച്ചിലൂടെ തന്നെ.
2018 ലോകകപ്പിൽ ക്രൊssssssssssssssssssssssssയേഷ്യയെ ചരിത്രപരമായ രണ്ടാം സ്ഥാനത്തേക്കും 2022 ലോകകപ്പിൽ മൂന്നാം സ്ഥാനത്തേക്കും നയിച്ച ശേഷം ഒരു അന്താരാഷ്ട്ര കിരീടത്തോടെ ഈ സുവർണ കരിയറിനു വിരാമമിടുകയാണു ലക്ഷ്യം.
മാനുവൽ നോയർ
മാർച്ചിൽ 38 വയസ് തികഞ്ഞ ജർമനിയുടെ ഗോൾകീപ്പർ മാനുവൽ നോയർ 2024 യൂറോ ചാന്പ്യൻഷിപ്പോടെ വിരമിക്കുമെന്നാണു കരുതുന്നത്.
2022 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ നോയർ പിന്നീട് ദേശീയ ടീമിനായി കളിച്ചിട്ടില്ല. പരിക്കിനെത്തുടർന്ന് ഏകദേശം ഒരു വർഷത്തോളം കളിക്കളത്തിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തു. 2024ൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ കളിച്ചു.
ജർമനിയുടെ ഫസ്റ്റ് ചോയ്സ് കീപ്പർ ആണെങ്കിലും, നോയർ യൂറോയിൽ എല്ലാ മത്സരങ്ങളും കളിക്കാൻ സാധ്യത കുറവാണ്. എന്നാൽ നോയർ പരിക്കിലൊന്നും പെടാതെ യൂറോ 2024-ൽ നിറഞ്ഞു കളിച്ചാൽ ജർമൻ ആരാധകർക്ക് ’സ്വീപ്പർ കീപ്പറുടെ’ അതുല്യമായ പ്രകടനം കാണാനുള്ള അവസാന അവസരമാകും.
ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോ ആറാം തവണയും യൂറോയിൽ കളിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ അഞ്ചു യൂറോ കളിച്ചിട്ടുള്ള സ്പെയിനിന്റെ മുൻ ഗോൾകീപ്പർ ഇകർ കസിയെസിനൊപ്പം റിക്കാർഡ് പങ്കിടുകയാണ്.
39 വയസായെങ്കിലും പ്രായത്തെ വെല്ലുന്ന അത്ലറ്റിസിസവും ഫിറ്റ്നസ് നിലവാരവും റൊണാൾഡോയെ ശ്രദ്ധേയനാക്കുന്നു. ഇപ്പോഴും പോർച്ചുഗലിന്റെ ഒരു പ്രധാന കളിക്കാരനായി തുടരുന്നു.
എന്നാൽ യൂറോ 2024 പതിപ്പ് റൊണാൾഡോ മിന്നലാട്ടം ആരാധകർക്ക് ആസ്വദിക്കാനുള്ള അവസാന അവസരമായാണ് കരുതുന്നത്. ഭാവിയെക്കുറിച്ച് റൊണാൾഡോയോ പോർച്ചുഗൽ മാനേജ്മെന്റോ ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
അടുത്ത യൂറോ നടക്കുന്പോൾ, അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും ഉയർന്ന സ്കോററായ റൊണാൾഡോയ്ക്ക് 43 വയസ് ആകും. ആ പ്രായത്തിൽ വീണ്ടും കളത്തിലെത്താനുള്ള സാധ്യത കുറവാണ്. യൂറോപ്യൻ ചാന്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റിക്കാർഡ് ഹംഗറി ഗോൾകീപ്പർ ഗാബോർ കിരാലിയുടെ (40 വർഷവും 86 ദിവസവും) പേരിലാണ്. എന്നാൽ ഒരു ഫോർവേഡ് റോളിന് ആവശ്യപ്പെടുന്ന കാര്യങ്ങൾ കണക്കിലെടുക്കുന്പോൾ യൂറോ 2028 വരെ തുടരാൻ സാധ്യത കുറവാണ്. എന്നിരുന്നാലും, 2024 യൂറോയ്ക്കു ശേഷം പോർച്ചുഗൽ ആരാധകർക്ക് ആശ്വസിക്കാവുന്ന ചില വാർത്തകളുണ്ട് - 2026 ഫിഫ ലോകകപ്പിൽ കളിക്കില്ലെന്നു പറഞ്ഞിട്ടില്ല.
പെപെ,റോബർട്ട് ലെവൻഡോവ്സ്കി, തോമസ് മുള്ളർ, ഇവാൻ പെരിസിച്ച് എന്നിവരുടെയും അവസാന അന്താരാഷ്ട്ര ടൂർണമെന്റാകും .