“എന്നെ ഐ.എം. വിജയൻ ആക്കിയ ചാത്തുണ്ണിസാർ”
Thursday, June 13, 2024 12:38 AM IST
ഐ.എം. വിജയൻ
വർഷങ്ങൾക്കുമുന്പ്... സ്പോർട്സ് കൗണ്സിലിന്റെ മൂന്നുവർഷ ഫുട്ബോൾ കോച്ചിംഗ് ക്യാന്പിലേക്കു ഒരല്പം പേടിയോടെയും മടിയോടെയും കടന്നുചെന്നത് ഇന്നലെയെന്നപോലെ ഓർമയുണ്ട്...
കോലോത്തുംപാടത്തും തൃശൂരങ്ങാടിയിലും കറങ്ങിയടിച്ചു പന്തുതട്ടി നടന്നിരുന്ന ഞാൻ ഒരു കോച്ചിംഗ് ക്യാന്പിൽ ഫുട്ബോൾ പഠിക്കാൻ പോകുന്നതിന്റെ ചെറിയൊരു ടെൻഷൻ ഉള്ളിലുണ്ട്. പക്ഷേ, ക്യാന്പിൽ ചെന്നപ്പോൾ സമപ്രായക്കാരായ കുട്ടികൾ വേറെയുമുണ്ട്. അവർക്കൊപ്പം കളിചിരിയുമായി നിൽക്കുന്ന ഒരു വലിയ ആളെ ശ്രദ്ധിച്ചു. അതായിരുന്നു ചാത്തുണ്ണിസാർ...
വാ...കൂട്... ഇനി ഇതാ നമ്മുടെ വീട്... ചാത്തുണ്ണിസാർ ക്ഷണിച്ചു.
ആ ക്ഷണം കേവലം കോച്ചിംഗ് ക്യാന്പിലേക്കായിരുന്നില്ല, കേരള ഫുട്ബോളിലേക്കായിരുന്നു, ഇന്ത്യൻ ഫുട്ബോളിലേക്കായിരുന്നു...
കോലോത്തുംപാടത്തെ വിജയനെന്ന പയ്യനെ ഐ.എം. വിജയനെന്ന ഫുട്ബോളറാക്കി രാകിമിനുക്കി വളർത്തിയെടുത്തത് ചാത്തുണ്ണിസാറായിരുന്നു... എല്ലാറ്റിന്റെയും കിക്കോഫ് ആ കോച്ചിംഗ് ക്യാന്പിൽ നിന്നായിരുന്നു.
മൂന്നുവർഷം. അന്ന് ചാത്തുണ്ണിസാർ പഠിപ്പിച്ചുതന്ന പാഠങ്ങൾ ലോകത്തിലെ ഏതു ടീമിനോട് ഏറ്റുമുട്ടുന്പോഴും എന്റെ മനസിലും പാദങ്ങളിലുമുണ്ടായിരുന്നു. ഒരിക്കലും കർക്കശക്കാരനായ പരിശീലകനായി അദ്ദേഹം ഞങ്ങളുടെ അരികിലെത്തിയിട്ടില്ല. ഏറ്റവും സൗമ്യനായും ശാന്തനായും ട്രിക്കുകൾ പഠിപ്പിച്ചുതന്ന ഗുരുനാഥൻ. കുട്ടികളെ പരിശീലിപ്പിക്കുന്പോൾ ശരിക്കും കുട്ടികളിലൊരാളായി മാറും. കൗമാരക്കാർക്കൊപ്പമാണെങ്കിൽ കൗമാരക്കാരൻ. അങ്ങനെ ആരെയും പരിശീലിപ്പിക്കാൻ എന്നും എപ്പോഴും സജ്ജനായിരുന്നു അദ്ദേഹം.
ഇടയ്ക്കു വഴക്കുപറയാറുണ്ട്. അതു നല്ല രീതിയിൽ കളിക്കുന്നതിനുവേണ്ടിയാണ്. ഏതു മോശം ടീമിനെ ചാത്തുണ്ണിസാറിന്റെ കൈയിൽ ഏൽപ്പിച്ചുകൊടുത്താലും അതിനെ ഏറ്റവും ബെസ്റ്റ് ടീമായി, കളിക്കാരെ ഏറ്റവും നല്ല കളിക്കാരായി, ഏത് എതിർടീമും ഭയക്കുന്ന കളിക്കാരായി മാറ്റാൻ എന്തോ ഒരു മാജിക്തന്നെ ചാത്തുണ്ണിസാറിന്റെ കൈയിലുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലെല്ലാം അദ്ദേഹം തന്ത്രങ്ങൾ പരിശീലിപ്പിക്കാനെത്തി. ഇന്ത്യയിലെ നല്ല കളിക്കാരിൽ ഭൂരിഭാഗവും ചാത്തുണ്ണിയെന്ന ഫുട്ബോൾ മാന്ത്രികന്റെ പരിശീലനം കുറച്ചെങ്കിലും ലഭിച്ചിട്ടുള്ളവരാണ്. അദ്ദേഹത്തിന്റെ ഉപദേശങ്ങളും ട്രിക്കുകളും ഇപ്പോഴും പിന്തുടരുന്ന എത്രയോ കളിക്കാരുണ്ട് ഇന്ത്യയിൽ. അതു കാലത്തെ അതിജീവിക്കുന്ന പരിശീലനപാഠങ്ങളാണ്. അദ്ദേഹം മികച്ച ഒരു ഫുട്ബോളറായതുകൊണ്ടുതന്നെ മികച്ച പരിശീലകനാകാനും സാധിച്ചു.
എന്നെ ബാക്ക് സിസർ അടിക്കാൻ പഠിപ്പിച്ചത് ചാത്തുണ്ണി സാറാണ്. കോർപറേഷൻ സ്റ്റേഡിയത്തിൽ പ്രത്യേക ഒരുക്കങ്ങളെല്ലാം നടത്തി അദ്ദേഹം അത് ആദ്യം കാണിച്ചുതന്നു. അദ്ഭുതപ്പെട്ടിട്ടുണ്ട് ആ സൂപ്പർ കിക്ക് കണ്ട്...എങ്ങനെ സാധിക്കുന്നു എന്നു വിസ്മയിച്ചിട്ടുണ്ട്.
കേരള പോലീസിലും അദ്ദേഹം കോച്ചായി എത്തിയതും 90ൽ തൃശൂരിൽവച്ച് ഫെഡറേഷൻ കപ്പ് വിജയിച്ചതും ഞങ്ങളെല്ലാംകൂടി അദ്ദേഹത്തെ എടുത്തുയർത്തിയതുമെല്ലാം മറക്കാനാകാത്ത അനുഭവങ്ങൾ.
അദ്ദേഹം ദേശീയ ടീമിലെത്തിയില്ല എന്ന് പലരും സങ്കടം പറയുന്നുണ്ട്. പക്ഷേ, ഇന്ത്യയിലെ ഏറ്റവും നല്ല കളിക്കാരെയും ക്ലബ്ബുകളെയും വാർത്തെടുക്കാൻ അദ്ദേഹത്തിനായി എന്നത് എല്ലാ കുറവുകളെയും നികത്തുന്ന നേട്ടമാണ്. വെറും ഗുരുനാഥൻ മാത്രമായിരുന്നില്ല എനിക്കദ്ദേഹം, വീട്ടുകാരുമായെല്ലാം നല്ല അടുപ്പമായിരുന്നു.
കളിക്കാരൻ എന്ന റോളിൽനിന്നു പരിശീലകന്റെ വേഷത്തിലേക്കു മാറുന്പോൾ ഞാനും അനുകരിക്കാൻ ശ്രമിച്ചത് ചാത്തുണ്ണിസാറിന്റെ സ്റ്റൈൽ തന്നെയാണ്. അദ്ദേഹം പകർന്നുതന്ന പാഠങ്ങളാണ് ഞാനും പകരാൻ ശ്രമിക്കുന്നതും.