ലങ്ക ഒലിച്ചു; പ്രോട്ടീസ് കുതിച്ചു
Thursday, June 13, 2024 12:38 AM IST
ഫ്ളോറിഡ: ഐസിസി 2024 ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ടിൽ പ്രവേശിച്ച ആദ്യടീം എന്ന നേട്ടം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഗ്രൂപ്പ് ഡിയിൽ ശ്രീലങ്കയും നേപ്പാളും തമ്മിലുള്ള മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക ഗ്രൂപ്പിൽനിന്ന് സൂപ്പർ എട്ടിലേക്ക് മുന്നേറിയത്.
അതേസമയം, ശ്രീലങ്ക സൂപ്പർ എട്ട് കാണാതെ പുറത്തായി. മൂന്ന് മത്സരങ്ങളിൽനിന്ന് ഒരു പോയിന്റ് മാത്രമുള്ള ശ്രീലങ്ക ടേബിളിൽ ഏറ്റവും പിന്നിലാണ്. നെതർലൻഡ്സിന് എതിരായ ഒരു മത്സരം മാത്രമാണ് ലങ്കയ്ക്കു ശേഷിക്കുന്നത്.
അതിൽ ജയിച്ചാലും മൂന്ന് പോയിന്റിൽ എത്താനേ അവർക്ക് സാധിക്കൂ. രണ്ട് മത്സരം പൂർത്തിയാക്കിയ ബംഗ്ലാദേശ്, നെതർലൻഡ്സ് ടീമുകൾക്ക് രണ്ട് പോയിന്റ് വീതവും നേപ്പാളിന് ഒരു പോയിന്റും ഉണ്ട്. ഈ മൂന്ന് ടീമുകൾക്കും രണ്ട് മത്സരം വീതം ശേഷിക്കുന്നു.
ഇന്നു നടക്കുന്ന ബംഗ്ലാദേശ് x നെതർലൻഡ് മത്സരത്തിൽ ജയിക്കുന്ന ടീം സൂപ്പർ എട്ടിലേക്ക് ഒരു ചുവടുകൂടി അടുക്കും. നേപ്പാളിന്റെ ശേഷിക്കുന്ന മത്സരങ്ങൾ ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരേയാണ്.