പിഎസ്ജിക്ക് ജയം; ബ്രെസ്റ്റ് ചാന്പ്യൻസ് ലീഗിന്
Tuesday, May 21, 2024 1:23 AM IST
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ ചാന്പ്യന്മാരായ പാരീസ് സെന്റ് ജെർമിയൻ ജയത്തോടെ സീസണ് പൂർത്തിയാക്കി. പിഎസ്ജി 2-0നു മെറ്റ്സിനെ പരാജയപ്പെടുത്തി. 67 പോയിന്റുമായി എഎസ് മോണക്കോ രണ്ടാം സ്ഥാനക്കാരായി.
അവസാന മത്സരത്തിൽ 3-0ന് ടുലോസിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനക്കാരായി ബ്രെസ്റ്റ് 61 പോയിന്റുമായി ചാന്പ്യൻസ് ലീഗിന് ആദ്യമായി യോഗ്യത നേടി. അവസാന റൗണ്ട് മത്സരത്തിനു മുന്‍പ് ലിലെയായിരുന്നു മൂന്നാം സ്ഥാനത്ത്.
ബ്രെസ്റ്റിനും ലിലെയ്ക്കും ഒരേ പോയിന്റായിരുന്നു. ഗോൾവ്യത്യാസമാണു ലിലെയെ മുന്നിലെത്തിച്ചത്. എന്നാൽ അവസാന മത്സരത്തിൽ ലിലെയെ നീസ് 2-2 ന് സമനിലയിൽ കുരുക്കിയതോടെ ബ്രെസ്റ്റ് മൂന്നാമതെത്തി.
അടുത്ത സീസണ് മുതൽ ചാന്പ്യൻസ് ലീഗിലേക്കു ടീമുകളുടെ എണ്ണം ഉയർത്തിയതിനാലാണ് ഫ്രഞ്ച് ലീഗിലെ മൂന്നാം സ്ഥാനക്കാർക്ക് നേരിട്ട് യോഗ്യത ലഭിച്ചത്. ആദ്യമായാണു ബ്രെസ്റ്റ് യൂറോപ്യൻ പോരാട്ടത്തിനു യോഗ്യത നേടുന്നത്.
കഴിഞ്ഞ സീസണ്‍വരെ സാധാരണ ആദ്യ രണ്ടു സ്ഥാനക്കാർക്കാണു ഫ്രഞ്ച് ലീഗ് വണ്ണിൽനിന്നു ചാന്പ്യൻസ് ലീഗിനു നേരിട്ട് യോഗ്യത ലഭിച്ചിരുന്നത്.