കളി തുടരും: കോഹ്ലി
Saturday, May 18, 2024 2:03 AM IST
ബംഗളൂരു: സർവവും സമർപ്പിച്ചു കഴിഞ്ഞു മാത്രമേ കളം വിടൂ എന്ന് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 എഡിഷനിൽ ടോപ് സ്കോറർ സ്ഥാനം ഉറപ്പിച്ച് മുന്നേറുന്ന വിരാട് കോഹ്ലി. ഐപിഎൽ 17-ാം സീസണിൽ 13 മത്സരങ്ങളിൽനിന്ന് 661 റണ്‍സാണ് കോഹ്ലി ഇതുവരെ സ്വന്തമാക്കിയത്.
“പിന്നീട് ദുഃഖിതനാകാൻ എനിക്ക് താത്പര്യമില്ല. എല്ലാം പൂർത്തിയായെന്ന് എനിക്ക് തോന്നിയാൽ പിന്നീട് നിങ്ങൾ എന്നെ കാണില്ല” - വിരാട് കോഹ്ലി വ്യക്തമാക്കി.
2024 ഐസിസി ലോകകപ്പോടെ രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽനിന്ന് കോഹ്ലി വിരമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. 2022 ലോകകപ്പിനുശേഷം 2024 ജനുവരിയിലാണ് കോഹ്ലി രാജ്യാന്തര ട്വന്റി-20 കളിച്ചത്. അഫ്ഗാനിസ്ഥാനെതിരായ രണ്ട് മത്സര ട്വന്റി-20 പരന്പരയിൽ 20, 0 എന്നതായിരുന്നു കോഹ്ലിയുടെ പ്രകടനം. എന്നാൽ, ഐപിഎല്ലിൽ മിന്നും ബാറ്റിംഗുമായി കോഹ്ലി തിളങ്ങി.