റിക്കാർഡ് അടി
Saturday, April 27, 2024 2:41 AM IST
കോൽക്കത്ത: ഇംഗ്ലീഷ് ബാറ്ററിന്റെ സെഞ്ചുറി പ്രത്യാക്രമണത്തിൽ വീണ്ടും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തോൽവി.
രാജസ്ഥാനെതിരേ ജോസ് ബട്ലറിന്റെ സെഞ്ചുറിയിൽ പരാജയപ്പെട്ട കെകെആർ പഞ്ചാബ് കിംഗ്സിനെതിരേ ജോണി ബെയർസ്റ്റോയുടെ (48 പന്തിൽ 108 നോട്ടൗട്ട്) ഇന്നിംഗ്സിനു മുന്നിലും തല കുനിച്ചു. അതോടെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സ് എട്ട് വിക്കറ്റിന് കോൽക്കത്തയെ കീഴടക്കി. സ്കോർ: കോൽക്കത്ത 261/6 (20). പഞ്ചാബ് 262/2 (18.4).
ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ് ആണ് പഞ്ചാബ് നടത്തിയത്. കെകെആർ സ്വപ്നങ്ങൾ തല്ലിത്തകർത്ത് ബെയർസ്റ്റോയ്ക്ക് ഒപ്പം ശശാങ്ക് സിംഗും (28 പന്തിൽ 68 നോട്ടൗട്ട് ) പുറത്താകാതെ നിന്നു. ഓപ്പണർ പ്രഭ്സിംറൻ സിംഗ് ആയിരുന്നു (20 പന്തിൽ 54) പഞ്ചാബിന്റെ പ്രത്യാക്രമണത്തിന് തുടക്കമിട്ടത്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഫിൽ സാൽട്ടും സുനിൽ നരെയ്നും ക്രീസിൽ തല്ലിത്തകർത്ത് മുന്നേറി. ഇവരുടെ കടന്നാക്രമണത്തിൽ പഞ്ചാബ് കിംഗ്സ് ബൗളർമാർക്ക് മറുപടിയില്ലായിരുന്നു. 37 പന്തിൽ ആറ് സിക്സും ആറ് ഫോറും അടക്കം ഫിൽ സാൾട്ട് 75 റണ്‍സ് നേടി. 32 പന്തിൽ നാല് സിക്സും ഒന്‍പത് ഫോറും അടക്കം സുനിൽ നരെയ്ൻ 71 റണ്‍സ് അടിച്ചു. 10.2 ഓവറിൽ 138 റണ്‍സ് സ്കോർബോർഡിൽ എത്തിച്ചശേഷമാണ് ഇവർ പിരിഞ്ഞത്.
പിന്നാലെ എത്തിയവരും കെകെആറിനായി കടന്നാക്രമണം നടത്തി. പഞ്ചാബ് ക്യാപ്റ്റൻ സാം കരണിന്റെ നാല് ഓവറിൽ 60 റണ്‍സ് പിറന്നു. ഐപിഎൽ ചരിത്രത്തിൽ കെകെആറിന്റെ ഏറ്റവും ഉയർന്ന രണ്ടാമത് ടീം ടോട്ടലാണ് പഞ്ചാബിനെതിരേ ഇന്നലെ നേടിയ 261/6. ഈ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ 272/7 അടിച്ചതാണ് ഒന്നാം സ്ഥാനത്ത്.