അന്പന്പോ... അശുതോഷ്
Saturday, April 20, 2024 2:18 AM IST
തീപ്പന്തുമായി ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസണിൽ ബാറ്റർമാരുടെ കുഴിതോണ്ടുന്ന ജസ്പ്രീത് ബുംറയെ സിക്സർ പറത്താൻ കഴിയുമോ താങ്കൾക്ക്... അതും സ്ലോഗ് സ്വീപ് ഷോട്ടിലൂടെ...? 5.96 ഇക്കോണമിയുമായി ഐപിഎൽ 2024 സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് (13) വീഴ്ത്തിയ, ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ബുംറയെ സിക്സർ പറത്താൻ ധൈര്യം കാണിച്ച ഒരു യുവാവുണ്ട് പഞ്ചാബ് കിംഗ്സിൽ, മധ്യപ്രദേശിലെ രത്ലം സ്വദേശിയായ ഇരുപത്തഞ്ചുകാരൻ അശുതോഷ് ശർമ.
മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും തമ്മിൽ നടന്ന മത്സരത്തിലാണ് ബുംറയെ ബാക്ക്വേഡ് സ്ക്വയർ ലെഗിനു മുകളിലൂടെ അശുതോഷ് സിക്സ് പറത്തിയത്. ഫ്രീഹിറ്റ് പന്തായിരുന്നു അതെന്നു വേണമെങ്കിൽ പറയാം, പക്ഷേ... ഫ്രീഹിറ്റാണെങ്കിലും ബൗളർ ജസ്പ്രീത് ബുംറയാണെന്നത് വിസ്മരിച്ചുകൂടാ...
അതെ, 2024 ഐപിഎൽ സീസണിൽ ബുംറയെ സിക്സർ പറത്തിയ ക്രെഡിറ്റ് അഷുതോഷിനും സ്വന്തം. സീസണിൽ അതുവരെ രണ്ട് സിക്സ് മാത്രമായിരുന്നു ബുംറ വഴങ്ങിയത്. ജസ്പ്രീത് ബുംറ എറിഞ്ഞ പഞ്ചാബ് ഇന്നിംഗ്സിലെ 13-ാം ഓവറിന്റെ അഞ്ചാം പന്ത് ഓവർ സ്റ്റെപ്പ് ആയതോടെ അന്പയർ നോ വിളിച്ചു.
ഫ്രീഹിറ്റിൽ യോർക്കർ പ്രതീക്ഷിച്ച അഷുതോഷിന്റെ ആഗ്രഹം പോലെ പന്ത് എത്തി. സ്ലോഗ് സ്വീപ് ഷോട്ടിലൂടെ പന്ത് ബാക്ക്വേഡ് സ്ക്വയർ ലെഗിനു മുകളിലൂടെ അശുതോഷ് സിക്സർ പറത്തി. തുടർന്ന് ഒരു ചെറു ചിരിയും. മത്സരശേഷം അശുതോഷ് പറഞ്ഞതാണ് ഏറെ ശ്രദ്ധേയം: “ബുംറയെ സ്വീപ് ചെയ്ത് സിക്സർ പറത്തണമെന്നത് എന്റെ ഒരു സ്വപ്നമായിരുന്നു. അത് സഫലമായി”.
എബിഡി ഷോട്ട്
ദക്ഷിണാഫ്രിക്കൻ മുൻതാരം എബി ഡിവില്യേഴ്സിനെ അനുസ്മരിപ്പിക്കുന്ന ഷോട്ടിലൂടെ ആകാശ് മധ്വാളിനെയും മുംബൈക്കെതിരായ മത്സരത്തിൽ അശുതോഷ് സിക്സർ പറത്തിയിരുന്നു.
മധ്വാൾ എറിഞ്ഞ 16-ാം ഓവറിന്റെ നാലാം പന്തിൽ ലോംഗ് ഓഫിലൂടെ അശുതോഷ് സിക്സർ നേടി. എന്നാൽ, ഓവർ സ്റ്റെപ്പായ പന്ത് അന്പയർ നോ വിളിച്ചു. ഫ്രീഹിറ്റ് പന്തിൽ ഇടംകാൽ ഓണ്സൈഡാക്കിവച്ച് റിവേഴ്സ് സ്കൂപ്പിലൂടെ ഒരു സിക്സ്.
തേർഡ്മാന്റെ മുകളിലൂടെ പന്ത് ഗാലറിയിൽ. ഡിവില്യേഴ്സിനുശേഷം ഈ ഷോട്ട് ഇത്ര മനോഹരമായി ഒരു ബാറ്റർ കളിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നായിരുന്നു ഹർഭജൻ സിംഗിന്റെ കമന്ററി.
അങ്ങനെ ഒരു ഡിപ്രെഷൻ കാലം
മധ്യപ്രദേശ് ടീമിൽ ഇടംലഭിക്കാത്തതിനാൽ ഡിപ്രെഷനടിച്ച് നാല് വർഷം പുറത്ത് ഇരിക്കേണ്ടിവന്ന ചരിത്രവും അശുതോഷ് ശർമയ്ക്കു സ്വന്തം. സയീദ് മുഷ്താഖ് അലി ടൂർണമെന്റിൽ മധ്യപ്രദേശിനുവേണ്ടി ടോപ് സ്കോററായതിന്റെ പിറ്റേ സീസണിലാണ് അശുതോഷ് ടീമിനു പുറത്തായത്.
2020ൽ ചന്ദ്രകാന്ത് പണ്ഡിറ്റ് മധ്യപ്രദേശിന്റെ പരിശീലകനായെത്തിയതോടെയാണ് യാതൊരു കാരണവുമില്ലാതെ അശുതോഷിനെ പുറത്ത് ഇരുത്തിയതും നിരാശയിൽ യുവതാരം ഡിപ്രെഷനിലായതും. പിന്നീട് റെയിൽവേസിനുവേണ്ടി കളിച്ചാണ് അശുതോഷ് ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ടീമിൽ എത്തിയത്.
കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാണ് ചന്ദ്രകാന്ത് പണ്ഡിറ്റ്. 26ന് പഞ്ചാബും കോൽക്കത്തയും തമ്മിൽ ഏറ്റുമുട്ടും. ഐപിഎല്ലിൽ ആദ്യ 33 മത്സരങ്ങൾ (മുംബൈ x പഞ്ചാബ് ) കഴിഞ്ഞപ്പോൾ 120 റണ്സിൽ അധികം നേടിയ ബാറ്റർമാരിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റ് അശുതോഷിനാണ്, 205.26. നാല് മത്സരങ്ങളിൽ 156 റണ്സ് ഈ സീസണിൽ നേടിക്കഴിഞ്ഞു. പഞ്ചാബിന്റെ എട്ടാം നന്പർ ബാറ്ററായാണ് അശുതോഷ് ഇറങ്ങുന്നതെന്നതും ഇതിനോടു ചേർത്തുവായിക്കണം.