ക്ലാസ് ബാഴ്സ
Friday, April 12, 2024 12:22 AM IST
പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ അഞ്ച് ഗോൾ പിറന്ന ക്ലാസിക്ക് പോരാട്ടത്തിൽ സ്പാനിഷ് സംഘമായ ബാഴ്സലോണ 3-2ന് ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെർമയ്നെ കീഴടക്കി.
റാഫീഞ്ഞയുടെ ഇരട്ട ഗോളാണ് (37’, 62’) ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ബാഴ്സയുടെ ജയത്തിൽ നിർണായകമായത്. ഉസ്മാൻ ഡെംബെലെ (48’), വിറ്റിൻഹ (50’) എന്നിവർ പിഎസ്ജിക്കുവേണ്ടിയും വലകുലുക്കി. 77-ാം മിനിറ്റിൽ ആൻഡ്രിയാസ് ക്രിസ്റ്റെൻസണിന്റെ ഹെഡർ ഗോളാണ് ബാഴ്സയ്ക്ക് ജയം സമ്മാനിച്ചത്. പകരക്കാരുടെ ബെഞ്ചിൽനിന്നായിരുന്നു ക്രിസ്റ്റെൻസൻ കളത്തിലെത്തിയത്.
യുവേഫ ചാന്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരേ ബാഴ്സലോണയുടെ രണ്ടാമത് മാത്രം എവേ ജയമാണ്. 2019ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 3-1നു പരാജയപ്പെട്ടശേഷം ചാന്പ്യൻസ് ലീഗിൽ പിഎസ്ജി ഹോം മത്സരത്തിൽ മൂന്ന് ഗോൾ വഴങ്ങുന്നത് ഇതാദ്യമാണെന്നതും ശ്രദ്ധേയം.
അത്ലറ്റിക്കോ ജയം
മറ്റൊരു ആദ്യപാദ ക്വാർട്ടറിൽ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് 2-1ന് ജർമനിയിൽനിന്നുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിനെ കീഴടക്കി. റോഡ്രിഗൊ ഡി പോൾ (4’), സാമുവൽ ലിനൊ (32’) എന്നിവരായിരുന്നു അത്ലറ്റിക്കോയുടെ ഗോൾ നേട്ടക്കാർ. സെബാസ്റ്റ്യൻ ഹാളർ (81’) ഡോർട്ട്മുണ്ടിനായി ഗോൾ മടക്കി.