യാഷ് താക്കൂർ, ഗെയിം ചേഞ്ചർ
Tuesday, April 9, 2024 1:00 AM IST
യാഷ് താക്കൂർ; ക്രിക്കറ്റ് താരങ്ങളിൽ അത്ര പ്രസക്തമല്ലാത്ത പേര്. ഞായറാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ലക്നോവിന് വിജയം നേടിക്കൊടുത്ത് ശ്രദ്ധ നേടിയ താരം.
ഐപിഎൽ ചരിത്രത്തിൽ ഗുജറാത്തിനെതിരേ ലക്നോവിന് ആദ്യ ജയമാണ് 25കാരനായ യാഷ് താക്കൂർ എന്ന യുവതാരം സമ്മാനിച്ചത്. പന്തുകൊണ്ട് ബാറ്റർമാരുടെ പേടിസ്വപ്നമായി മാറുന്ന താരം വിക്കറ്റ് വേട്ടക്കാരിലും മുൻപന്തിയിലുണ്ട്.
ഇന്ത്യയുടെ ഏറ്റവും വേഗ ബൗളറായി ഐപിഎല്ലിൽ തിളങ്ങിനിൽക്കുന്ന മായങ്ക് യാദവിന്റെ പരിക്കിൽ വലയുന്ന ടീമിന് പ്രതീക്ഷയാകുകയെന്ന ഉത്തരവാദിത്വത്തിലാണ് യാഷ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തന്റെ പന്തുകൊണ്ട് എതിർടീമിനെ വീഴ്ത്തിയ മായങ്ക് രണ്ടു മത്സരങ്ങളിലും കളിയിലെ താരവുമായി. അതേ മികവ് തുടർന്ന യാഷും മോശമാക്കിയില്ല.
ബ്രേക്ക് ത്രൂ...
164 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് ഓപ്പണർ ശുഭ്മാൻ ഗില്ലും സായ് സുദർശനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. അഞ്ച് ഓവറിൽ സ്കോർ 47 റണ്‍സിലെത്തി. ഈ സമയം പവർപ്ലേയുടെ അവസാന ഓവർ എറിയാൻ ക്യാപ്റ്റൻ കെ.എൽ. രാഹുൽ യാഷിനെ പന്തേൽപ്പിച്ചു. പ്രതീക്ഷ കാത്ത യാഷ് മികച്ച ഫോമിലായിരുന്ന ഗില്ലിനെ പവലിയനിലേക്ക് അയച്ചു. ഏഴ് റണ്‍സാണ് ഓവറിൽ വഴങ്ങിയത്.
15ാം ഒവറിൽ തന്റെ രണ്ടാം ഓവർ എറിയാനെത്തിയ യാഷ് റണ്‍സ് വഴങ്ങാതെ രണ്ടു വിക്കറ്റുമായാണ് ഓവർ അവസാനിപ്പിച്ചത്. ഓവറിലെ അഞ്ചാം പന്തിൽ വിജയ് ശങ്കറിനെയും അടുത്ത പന്തിൽ റാഷിദ് ഖാനെ പൂജ്യത്തിനും വീഴ്ത്തി ഗുജറാത്തിൽനിന്ന് മത്സരം തട്ടിയെടുത്തു. മൂന്നാം ഓവറിൽ രാഹുൽ തെവാട്യ, യാഷിനെതിരേ ആക്രമണം നടത്തി.
ഒരു സിക്സും ഒരു ഫോറും ഉൾപ്പെടെ 17-ാം ഓവറിൽ 13 റൺസാണ് ഗുജറാത്ത് നേടിയത്. എന്നാൽ തന്റെ അവസാന ഓവറിൽ അപകടകാരിയായ തെവാട്യയെയും നൂർ അഹമ്മദിനെയും വീഴ്ത്തി അഞ്ചു വിക്കറ്റ് നേട്ടമാഘോഷിച്ചു. മത്സരത്തിൽ 30 റണ്‍സ് വഴങ്ങിയാണ് യാഷ് അഞ്ചു വിക്കറ്റ് നേടിയത്.
ഐപിഎൽ ഈ സീസണിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും യാഷ് സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ ലക്നോവിന് 33 റണ്‍സ് ജയം. പോയിന്റ് പട്ടികയിൽ നാലു മത്സരങ്ങളിൽ മൂന്നു ജയവുമായി മൂന്നാം സ്ഥാനത്താണ് ലക്നോ.
മത്സരത്തിലെ താരവും യാഷ് താക്കൂർ ആണ്. ലക്നോവിന് തുടർച്ചയായ മൂന്നാം ജയം. മൂന്ന് ജയത്തിലും പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത് രണ്ട് യുവ പേസർമാരും.
ആരാണ് യാഷ് താക്കൂർ?
1998 ഡിസംബർ 28ന് കോൽക്കത്തയിൽ ജനനം. ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയുടെ താരം. സ്ഥിരതയാർന്ന പ്രകടനം. വലം കൈയ്യൻ പേസർ. ആഭ്യന്തര ട്വന്റി20 മത്സരങ്ങളിൽ 69 വിക്കറ്റ്. ലിസ്റ്റ് എ കരിയറിൽ 54 വിക്കറ്റും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 67 വിക്കറ്റും നേടി.
2023 ഐപിഎൽ സീസണിൽ 45 ലക്ഷം രൂപ നൽകിയാണ് ലക്നോ യാഷിനെ ടീമിലെത്തിച്ചത്. തീ പാറുന്ന പന്തുകളിൽ മികച്ച യോർക്കറുകൾ എറിയാൻ യാഷിന് അസാധ്യ സാമർഥ്യമുണ്ട്. സ്ഥിരതയാർന്ന പ്രകടനം ദേശീയ ടീമിലേക്കുള്ള വിളിക്കും വാതിൽ തുറക്കും. സീസണിൽ ഇതുവരെ 10.5 ഓവർ എറിഞ്ഞ യാഷ് 111 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.