ലെവർകൂസനു വേണ്ടത് ഒരു ജയംകൂടി
Monday, April 8, 2024 3:25 AM IST
ബർലിൻ: ഈ സീസണിലെ ബുണ്ടസ് ലിഗ ഫുട്ബോൾ കിരീടം ബെയർ ലെവർകൂസന് ഉയർത്താൻ വേണ്ടത് ഒരു ജയം കൂടി. യൂണിയൻ ബർലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് ലെവർകൂസൻ ആദ്യമായി ലീഗ് കിരീടം ഉറപ്പിച്ചത്.
ഫ്ളോറിയൻ വിർട്സ് 45+8-ാം മിനിറ്റിൽ നേടിയ പെനാൽറ്റിയിലാണ് ജയം. രണ്ടാം സ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്കുമായി ലെവർകൂസന് 16 പോയിന്റ് വ്യത്യാസമാണുള്ളത്. ആറു കളി കൂടി ബാക്കിയിരിക്കേ ലെവർകൂസന് 76 പോയിന്റും ബയേണിന് 60 പോയിന്റുമാണുള്ളത്.
ജയത്തോടെ ലീഗിൽ തോൽവി അറിയാതെ തുടർച്ചയായ 28മത്സരമെന്ന റിക്കാർഡിനൊപ്പമെത്തി. സാബി അലോൻസോയുടെ ടീം വിവിധ ടൂർണമെന്റിലായി തുടർച്ചയായ 41 മത്സരങ്ങളിൽ തോറ്റിട്ടില്ല. അടുത്തയാഴ്ച വെർഡർ ബ്രെമനെ തോൽപ്പിച്ചാൽ 31 വർഷനുശേഷം നേടുന്ന ആദ്യ ട്രോഫിയാകും.
രണ്ടു ഗോൾ ലീഡ് ബയേണ്‍ തോറ്റു
രണ്ടു ഗോൾ ലീഡ് കൈവിട്ട് ബയേണ്‍ മ്യൂണിക് തോറ്റു. ഹൈഡൻഹൈമിനോട് 3-2ന്റെ അപ്രതീക്ഷിത തോൽവിയാണ് ബയേണ്‍ ഏറ്റുവാങ്ങിയത്. ടിം ക്ലെയിൻഡിയൻസ്റ്റിന്റെ ഇരട്ടഗോളാണ് ഇത്തവണ ബുണ്ടസ് ലിഗയിലേക്കു സ്ഥാനക്കയറ്റം നേടിയെത്തിയ ഹൈഡൻഹൈമിന് വിജയ സമ്മാനിച്ചത്. തോൽവിയോടെ ബയേണിന്റെ കിരീട പ്രതീക്ഷകൾ മങ്ങി.
ഹാരി കെയ്ൻ (38’), സെർജെ ഗ്നാബ്രി (45’) എന്നിവരിലൂടെ ബയേണ്‍ ആദ്യ പകുതിയിൽ മുന്നിലെത്തിയതാണ്. രണ്ടാം പകുതിയിൽ കെവിൻ സെസയിലൂടെ (50’) ഹൈഡൻഹൈം ഒരു ഗോൾ മടക്കി. തൊട്ടടുത്ത മിനിറ്റിൽ ടിം ക്ലെയിൻഡിയൻസ്റ്റ് സമനില നേടി. 79-ാം മിനിറ്റിൽ ക്ലെയിൻഡിയൻസ്റ്റ് രണ്ടാം ഗോളും നേടി ബയേണിന് ഞെട്ടിക്കുന്ന തോൽവിയേൽപ്പിച്ചു.