സന്തോഷ് ട്രോഫി ഫുട്ബോൾ ക്വാർട്ടർ ഫൈനൽ; കേരളം Vs മിസോറം
Sunday, March 3, 2024 1:47 AM IST
ഇറ്റാനഗർ: 77-ാമത് സന്തോഷ് ട്രോഫിക്കു വേണ്ടിയുള്ള ദേശീയ സീനിയർ പുരുഷ ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു.
ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് ബി മത്സരങ്ങൾ ഇന്നലെ പൂർത്തിയായതോടെയാണ് ക്വാർട്ടർ ലൈനപ്പായത്. കിരീടം തിരിച്ചുപിടിക്കാൻ ഇറങ്ങുന്ന കേരളത്തിന്റെ ക്വാർട്ടർ എതിരാളികൾ മിസോറമാണ്. ചൊവ്വാഴ്ചയാണ് കേരളം x മിസോറം ക്വാർട്ടർ ഫൈനൽ. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിലെ അവസാന മത്സരമാണിത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ക്വാർട്ടർ.
ക്വാർട്ടർ ഇങ്ങനെ
ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനക്കാരാണ് കേരളം. അഞ്ച് മത്സരങ്ങളിൽ എട്ട് പോയിന്റാണ് കേരളത്തിന്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് മിസോറം. അഞ്ച് മത്സരങ്ങളിൽ ഏഴ് പോയിന്റുമായാണ് മിസോറം ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ഇന്നലെ നടന്ന ഗ്രൂപ്പിലെ അഞ്ചാം റൗണ്ട് മത്സരത്തിൽ റെയിൽവേസിനെ മറുപടിയില്ലാത്ത നാല് ഗോളിനു കീഴടക്കിയാണ് മിസോറം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ബിയിൽ മിസോറം, ഡൽഹി, റെയിൽവേസ് ടീമുകൾക്ക് ഏഴ് പോയിന്റ് വീതമാണ്. ഗ്രൂപ്പ് എ ഒന്നാം സ്ഥാനക്കാരായ സർവീസസും ഗ്രൂപ്പ് ബി നാലാം സ്ഥാനക്കാരായ റെയിൽവേസും തമ്മിലാണ് ആദ്യ ക്വാർട്ടർ.
മണിപ്പുർ ഗ്രൂപ്പ് ചാന്പ്യൻ
ഗ്രൂപ്പ് ബിയിലെ അവസാന റൗണ്ടിൽ മണിപ്പുർ 2-1ന് ഡൽഹിയെ കീഴടക്കി. ഇതോടെ അഞ്ച് മത്സരങ്ങളിൽനിന്ന് 13 പോയിന്റുമായി മണിപ്പുർ ഗ്രൂപ്പ് ചാന്പ്യന്മാരായി ക്വാർട്ടറിലേക്ക് മുന്നേറി.
ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചപ്പോൾ 10 ഗോൾ നേടി മണിപ്പുരിന്റെ ഫിജം സനത്തോയ് മീതേയിയാണ് ടോപ് സ്കോറർ സ്ഥാനത്തുള്ളത്.
ക്വാർട്ടർ ഫിക്സ്ചർ
മാർച്ച് 04: സർവീസസ് x റെയിൽവേസ് 2.30 pm
ഗോവ x ഡൽഹി 7.00 pm
മാർച്ച് 05: മണിപ്പുർ x ആസാം 2.30 pm
കേരളം x മിസോറം 7.00 pm