തീപ്പൊരിയേറ്... ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ
Thursday, January 4, 2024 12:12 AM IST
കേപ്ടൗണ്‍: മിയാൻ ഭായ് എന്നറിയപ്പെടുന്ന മുഹമ്മദ് സിറാജിന്റെ മാസ്മരിക ബൗളിംഗിനു മുന്നിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്നിംഗ്സിനും 32 റണ്‍സിനു ജയിച്ചതിന്റെ അഹങ്കാരവുമായി രണ്ടാം മത്സരത്തിന് ഇറങ്ങിയ പ്രോട്ടീസിന് ബാറ്റ് ചെയ്യാൻ സാധിച്ചത് വെറും 23.2 ഓവർ മാത്രം. 15 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ തേരോട്ടത്തിൽ പ്രോട്ടീസ് ചതഞ്ഞരഞ്ഞു.
ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിംഗുമായി സിറാജ് പടനയിച്ചു, 2.2 ഓവറിൽ റണ്‍സ് വഴങ്ങാതെ രണ്ട് വിക്കറ്റ് വീഴ്ത്തി മുകേഷ് കുമാറും എട്ട് ഓവറിൽ 25 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറയും മികച്ച പിന്തുണ നൽകി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് അതോടെ 23.2 ഓവറിൽ 55 റണ്‍സിന് അവസാനിച്ചു.
23 വിക്കറ്റ്
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 10-ാം ഓവറിന്റെ നാലാം പന്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. 2001നുശേഷം പുരുഷ ടെസ്റ്റിൽ ഒരു ടീം ഇത്രയും വേഗത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നത് ഇതാദ്യമാണ്. എന്നാൽ, 34.5 ഓവറിൽ ഇന്ത്യയെ 153ന് കെട്ടുകെട്ടിച്ച് ദക്ഷിണാഫ്രിക്കയും തിരിച്ചടിച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി കഗിസൊ റബാഡ, ലുൻഗി എൻഗിഡി, നന്ദ്രെ ബർഗർ എന്നിവരാണ് ദക്ഷിണാഫ്രിക്കൻ പ്രത്യാക്രമണം നയിച്ചത്. രണ്ട് ഇന്നിംഗ്സിലുമായി വീണ 20ൽ 19 വിക്കറ്റും തീപ്പൊരിയേറോടെ പേസർമാർ സ്വന്തമാക്കി. ഒരു വിക്കറ്റ് റണ്ണൗട്ടായിരുന്നു.
രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക ഒന്നാംദിനം മത്സരം നിർത്തുന്പോൾ 17 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 റണ്‍സ് എടുത്തിട്ടുണ്ട്. എയ്ഡൻ മാർക്രവും (36*), ഡേവിഡ് ബെഡിങ്ഗമുമാണ് (7*) ക്രീസിൽ. ഇന്ത്യക്കായി മുകേഷ് കുമാർ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി. ഇതോടെ ആദ്യദിനം കേപ്ടൗണിൽ വീണത് 23 വിക്കറ്റ്.
9-3-15-6
ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായാണ് സിറാജ് കേപ്ടൗണിലെ ന്യൂലാൻഡ് ഗാലറിയെ നിശബ്ദമാക്കിയത്. ഓസ്ട്രേലിയയിലും വെസ്റ്റ് ഇൻഡീസിലും അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവച്ചിട്ടുള്ള സിറാജ്, ഇംഗ്ലണ്ടിൽ രണ്ട് നാല് വിക്കറ്റ് നേട്ടത്തിനും ഉടമയാണ്. അടുത്തകാലത്ത് ഇന്ത്യക്കുവേണ്ടി വിദേശത്ത് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തുന്ന താരമാണ് സിറാജ് എന്നു ചുരുക്കം. ദക്ഷിണാഫ്രിക്കയിൽ ഒരു ഇന്ത്യൻ ബൗളറിന്റെ ഏറ്റവും മികച്ച ബൗളിംഗിൽ മൂന്നാം സ്ഥാനത്തേക്കും സിറാജ് എത്തി. 2022ൽ ഷാർദുൾ ഠാക്കൂർ (7/61), 2011ൽ ഹർഭജൻ സിംഗ് (7/120) എന്നിവരാണ് ദക്ഷിണാഫ്രിക്കയിൽ സിറാജിനേക്കാൾ കൂടുതൽ വിക്കറ്റ് ഒരു ഇന്നിംഗ്സിൽ വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ.
ഏറ്റവും കുറവ് ഓവർ എറിഞ്ഞ് ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർ എന്ന നേട്ടവും സിറാജ് സ്വന്തമാക്കി. 1999ൽ ചെന്നൈയിൽവച്ച് പാക്കിസ്ഥാനെതിരേ 10.2 ഓവറിൽ ആറ് വിക്കറ്റ് വീഴ്ത്തിയ വെങ്കിടേഷ് പ്രസാദിന്റെ റിക്കാർഡാണ് സിറാജ് തകർത്തത്.
നാണംകെട്ട് പ്രോട്ടീസ്
ഒന്നാം ഇന്നിംഗ്സിൽ 55 റണ്‍സിനു പുറത്തായതോടെ വന്പൻ നാണക്കേടും ദക്ഷിണാഫ്രിക്കയെ തേടിയെത്തി. 1932നുശേഷം പ്രോട്ടീസിന്റെ ഏറ്റവും ചെറിയ സ്കോറാണിത്. 1932ൽ ഓസ്ട്രേലിയയ്ക്കെതിരേ 23.2 ഓവറിൽ ദക്ഷിണാഫ്രിക്ക 36 റണ്‍സിൽ പുറത്തായിരുന്നു. 1896ൽ ഇംഗ്ലണ്ടിനെതിരേ 18.4 ഓവറിൽ 30 റണ്‍സിനു പുറത്തായതാണ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ സ്കോർ. സ്വന്തം മണ്ണിൽ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ സ്കോറാണ് 23.2 ഓവറിൽ 55. 2006ൽ ജോഹന്നാസ്ബർഗിൽവച്ച് 25.1 ഓവറിൽ 84നു പുറത്തായിരുന്നു. വിക്കറ്റ് കീപ്പർ കെയ്ൽ വെറെയ്നെയും (15) ഡേവിഡ് ബെഡിങ്ഗമും (12) മാത്രമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്.
ഇന്ത്യയും ഔട്ട്!
കേപ്ടൗണ്‍ ടെസ്റ്റിന് 58.1 ഓവറിന്റെ ദൈർഘ്യം മാത്രമായപ്പോഴേക്കും 20 വിക്കറ്റ് വീണു എന്നതും ശ്രദ്ധേയം. ആതിഥേയരെ 55നു പുറത്താക്കി ക്രീസിലെത്തിയ ഇന്ത്യക്ക് 34.5 ഓവറിൽ 153 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യക്ക് 98 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്.
യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ അക്കൗണ്ട് തുറക്കാൻപോലും സാധിക്കാതെ പവലിയൻപൂകി. 46 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. രോഹിത് ശർമ (39), ശുഭ്മാൻ ഗിൽ (36) എന്നിവരും ചെറുത്തുനിന്നു. ഇവർക്കുശേഷം റണ്‍സ് നേടിയ ഏക ഇന്ത്യൻ ബാറ്റർ കെ.എൽ. രാഹുലായിരുന്നു (8).
മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് വീഴ്ത്താനായി ഒന്‍പത് ഓവറിൽ വഴങ്ങിയ റണ്‍സ് 15. ആറോ അതിൽ കൂടുതലോ വിക്കറ്റ് വീഴ്ത്താൻ ഒരു ഇന്ത്യൻ ബൗളർ വഴങ്ങുന്ന ഏറ്റവും ചുരുങ്ങിയ റണ്‍സിൽ രണ്ടാമതാണിത്. 1993ൽ വെങ്കിടപതി രാജു ശ്രീലങ്കയ്ക്കെതിരേ 12 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് റിക്കാർഡ്.
ഇന്ത്യ ഇതുവരെ കളിച്ച ടെസ്റ്റുകളിൽ ആദ്യദിനം ഏറ്റവും കൂടുതൽ വിക്കറ്റ് (23) വീഴുന്നതിനും കേപ്ടൗണ്‍ സാക്ഷ്യംവഹിച്ചു. 1987ൽ വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിൽ ഡൽഹിയിൽനടന്ന ടെസ്റ്റിന്റെ ആദ്യദിനം 18 വിക്കറ്റ് വീണതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
1902ൽ ഓസ്ട്രേലിയ x ഇംഗ്ലണ്ട് ടെസ്റ്റിന്റെ ആദ്യദിനം 25 വിക്കറ്റ് വീണതാണ് ഇക്കാര്യത്തിൽ ഇതുവരെയുള്ള റിക്കാർഡ്.
നാല് വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സ് എന്ന നിലയിൽനിന്നാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അതേ സ്കോറിൽ അവസാനിച്ചത്. ശ്രേയസ് അയ്യർ ഉൾപ്പെടെ ആറ് ഇന്ത്യൻ ബാറ്റർമാർ പൂജ്യത്തിനു പുറത്തായി.