അഞ്ചാം ട്വന്റി-20യിൽ ഇന്ത്യക്കു ജയം
Monday, December 4, 2023 1:54 AM IST
ബംഗളൂരു: ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ട്വന്റി-20യിൽ ഇന്ത്യൻ പഞ്ച്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇന്ത്യ ആറ് റൺസ് ജയം സ്വന്തമാക്കി. അവസാന ഓവറിൽ 10 റൺസായിരുന്നു ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.
ആ ഓവർ എറിഞ്ഞ അർഷദീപ് സിംഗ് മൂന്ന് റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ആവേശ ജയവും 4-1ന് പരന്പരയും സ്വന്തമാക്കി.
ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പവർപ്ലേ അവസാനിക്കുന്നതിനു മുന്പുതന്നെ ഇന്ത്യൻ ഓപ്പണർമാരെ പവലിയനിലെത്തിക്കാൻ ഓസീസ് ബൗളർമാർക്കു സാധിച്ചു. 15 പന്തിൽ 21 റൺസ് നേടിയ യശസ്വി ജയ്സ്വാളിനെ ബെഹ്റെൻഡോഫും 12 പന്തിൽ 10 റൺസ് സ്വന്തമാക്കിയ ഋതുരാജ് ഗെയ്ക്വാദിനെ ഡ്വാർഷ്യസും പുറത്താക്കി.
മൂന്നാം നന്പറായി ക്രീസിലെത്തിയ ശ്രേയസ് അയ്യർ ഒരറ്റത്ത് നങ്കൂരമിട്ടു. 37 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 53 റൺസ് നേടിയ ശ്രേയസ് അയ്യറിന്റെ ഇന്നിംഗ്സാണ് ഇന്ത്യയെ പോരാടാനുള്ള സ്കോറിൽ എത്തിച്ചത്. കൂറ്റനടിക്കാരായ സൂര്യകുമാർ യാദവ് (5), റിങ്കു സിംഗ് (6) എന്നിവർ വേഗത്തിൽ മടങ്ങിയത് ഇന്ത്യൻ സ്കോറിംഗിനെ പിന്നോട്ടുവലിച്ചു.
വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമ 16 പന്തിൽ 24 റൺസ് നേടി. 21 പന്തിൽ 31 റൺസ് നേടിയ അക്സർ പട്ടേൽ, ശ്രേയസ് അയ്യറിനൊപ്പം ആറാം വിക്കറ്റിൽ 46 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യൻ ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടായിരുന്നു ഇത്.
ഓസ്ട്രേലിയയ്ക്കുവേണ്ടി ഓപ്പണർ ട്രാവിസ് ഹെഡ് (18 പന്തിൽ 28) സ്ഫോടനാത്മക തുടക്കമാണ് കുറിച്ചത്. എന്നാൽ, ജോഷ് ഫിലിപ്പിനെ ബൗൾഡാക്കി മുകേഷ് കുമാർ ആദ്യ പ്രഹരമേൽപ്പിച്ചു.
ഹെഡ്, ആരോൺ ഹാർഡ്ലി (6) എന്നിവരെ പുറത്താക്കി രവി ബിഷ്ണോയ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി. ബെൻ മക്ഡെർമോത്തിന്റെ (36 പന്തിൽ 54) അർധസെഞ്ചുറിക്ക് ഓസ്ട്രേലിയയെ ജയത്തിലെത്തിക്കാൻ സാധിച്ചില്ല.