വിജയ് ഹസാരെയിൽ ചരിത്രനേട്ടത്തിനരികേ കേരളം
Monday, December 4, 2023 1:24 AM IST
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളം ചരിത്ര നേട്ടത്തിനരികേ. ഗ്രൂപ്പ് എ ചാന്പ്യന്മാരായി നോക്കൗട്ടിൽ പ്രവേശിക്കാനുള്ള സാധ്യതയാണ് കേരളത്തിനു മുന്നിൽ തെളിഞ്ഞിരിക്കുന്നത്.
2021-22ൽ ഗ്രൂപ്പ് ഡി ചാന്പ്യന്മാരായ ചരിത്രം കേരളത്തിനുണ്ട്. 2012-13 സീസണിൽ സെമിയിൽ പ്രവേശിച്ച കേരളം തുടർച്ചയായ നാലാം സീസണിലും നോക്കൗട്ട് കളിക്കാനുള്ള സാധ്യത ഇതോടെ സജീവമായി.
2023-24 സീസണ് ഗ്രൂപ്പ് എയിലെ ആറാം മത്സരത്തിൽ കേരളം ആറ് വിക്കറ്റിന് പോണ്ടിച്ചേരിയെ കീഴടക്കി. ഇതോടെ ആറ് മത്സരങ്ങളിൽ കേരളത്തിന് 20 പോയിന്റായി.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മുംബൈ 53 റണ്‍സിന് ത്രിപുരയോട് പരാജയപ്പെട്ടു. തുടർച്ചയായ അഞ്ച് ജയത്തിനുശേഷമുള്ള മുംബൈയുടെ തോൽവിയായിരുന്നു. ഇതോടെ മുംബൈക്കും കേരളത്തിനും 20 പോയിന്റ് വീതമായി. എന്നാൽ, നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ മുംബൈയാണ് (1.952) ഒന്നാമത്. കേരളത്തിന്റെ റണ്‍റേറ്റ് 1.916 ആണ്.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ നാളെ കേരളം റെയിൽവേസിനെയും മുംബൈ ഒഡീഷയെയും നേരിടും. മുംബൈ തോൽക്കുകയും കേരളം ജയിക്കുകയും ചെയ്താൽ സഞ്ജു സാംസണിനും സംഘത്തിനും ഗ്രൂപ്പ് ചാന്പ്യന്മാരാകാം. മറിച്ച് ഇരു ടീമും ജയിച്ചാൽ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തിൽ മുംബൈയെ പിന്തള്ളി ഗ്രൂപ്പ് ചാന്പ്യന്മാരാകാനുള്ള സാധ്യത കേരളത്തിനുണ്ട്.
പോണ്ടിച്ചേരിയെ 32.2 ഓവറിൽ 116ന് പുറത്താക്കിയ കേരളം 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. 13 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം 35 റണ്‍സുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ സഞ്ജു സാംസണ് ആണ് കേരളത്തിന്റെ ടോപ് സ്കോറർ.
ആറാം നന്പറായാണ് സഞ്ജു ക്രീസിലെത്തിയത്. സച്ചിൻ ബേബിയും (38 പന്തിൽ 25) പുറത്താകാതെനിന്നു. കേരളത്തിനായി അഖിൽ സ്കറിയയും സിജൊമോൻ ജോസഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.