മാഡ്രിഡ് ക്ലാസിക്
Saturday, October 28, 2023 11:34 PM IST
ബാഴ്സലോണ: 2023-24 സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനു തകർപ്പൻ ജയം. ജൂഡ് ബെല്ലിംഗ്ങമിന്റെ ഇരട്ട ഗോൾ മികവിൽ ബാഴ്സയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു റയലിന്റെ വിജയം.
മത്സരത്തിന്റെ ആറാം മിനിറ്റിൽ ഇൽകായ് ഗുണ്ടോഗൻ ബാഴ്സയെ മുന്നിലെത്തിച്ചു. തുടർന്നും ബാഴ്സയ്ക്കു നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫെർമിൻ ലോപ്പസിനും ഫെറാൻ ടോറസിനും ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെ റയൽ തിരിച്ചടിച്ചു. ഇതിനു ഫലവും ലഭിച്ചു.
68-ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ഉശിരൻ ഷോട്ടിലൂടെയാണ് ബെല്ലിംഗ്ങം റയലിനു സമനില സമ്മാനിച്ചത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ബെല്ലിങ്ഗം റയലിന്റെ വിജയഗോളും നേടി. ജയത്തോടെ 28 പോയിന്റുമായി ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. ബാഴ്സ മൂന്നാം സ്ഥാനത്താണ്. 28 പോയിന്റുള്ള ജിറോണ രണ്ടാം സ്ഥാനത്തുണ്ട്.
ടോട്ടനവിജയം
ഇപിഎലിൽ ഒന്നാം സ്ഥാനക്കാരായ ടോട്ടനം 2-1ന് ക്രിസ്റ്റൽ പാലസിനെയും രണ്ടാം സ്ഥാനക്കാരായ ആഴ്സണൽ 5-0ന് ഷെഫീൽഡ് യുണൈറ്റഡിനെയും പരാജയപ്പെടുത്തി. ആഴ്സണലിനായി എഡീ എൻകിറ്റിയ ഹാട്രിക് നേടി.
ഹാട്രിക് കെയ്ൻ
ജർമൻ ബുണ്ടസ് ലിഗയിൽ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത എട്ടു ഗോളിന് ഡാംസ്ട്രഡ്റ്റിനെ പരാജയപ്പെടുത്തി.
ബയേണിനായി ഹാരി കെയ്ൻ ഹാട്രിക്കും ലിറോയ് സാനെ, ജമാൽ മൂസിയാല എന്നിവർ ഇരട്ടഗോളും നേടി.