ഇന്ത്യ-അഫ്ഗാന് ലോകകപ്പ് പോരാട്ടം ഇന്ന്
Wednesday, October 11, 2023 12:54 AM IST
ന്യൂഡൽഹി: ടോസ് നേടിയാൽ ഇന്ത്യ ബാറ്റിംഗ് എടുക്കുമോ അതോ ബൗൾ ചെയ്യാൻ തീരുമാനിക്കുമോ? 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുന്പോൾ ആരാധകരുടെ മനസിലെ ചോദ്യം ഇതാണ്. കാരണം, ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട മുൻനിര ബാറ്റർമാർക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ അല്പം റണ്‍സ് നേടുന്നത് എന്തുകൊണ്ടും നല്ലതുതന്നെ. അതിനു പറ്റിയ ഇരയാണ് അഫ്ഗാനിസ്ഥാൻ.
എന്നാൽ, അഫ്ഗാനിസ്ഥാനെ അങ്ങനെ എഴുതിത്തള്ളാൻ സാധിക്കില്ല. കാരണം, 2019 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾ എറിഞ്ഞൊതുക്കിയവരാണ് അഫ്ഗാൻകാർ.
റണ്ണൊഴുകും
ഡൽഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ റണ്ണൊഴുകുമെന്നാണ് കഴിഞ്ഞ മത്സരം നൽകിയ സൂചന. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന ലോകകപ്പ് പോരാട്ടത്തിൽ 754 റണ്‍സായിരുന്നു പിറന്നത്. ദക്ഷിണാഫ്രിക്ക 428ഉം ശ്രീലങ്ക 326ഉം റണ്‍സ് നേടി. എന്നാൽ, ഇന്ത്യ x അഫ്ഗാനിസ്ഥാൻ പോരാട്ടത്തിൽ 700ൽ അധികം റണ്‍സ് പിറക്കാനുള്ള സാധ്യത കുറവാണ്.
ചെന്നൈയിലെ സ്പിൻ അനുകൂല പിച്ചിലായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ഡൽഹിയിലേക്കെത്തുന്പോൾ ബാറ്റിംഗ് പിച്ചും. വിവിധ സ്വഭാവമുള്ള പിച്ചുകളിൽ കളിക്കുക എന്നതാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ വെല്ലുവിളി.
ടോപ് ഓർഡറാകണം
ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർമാർ ഇന്നെങ്കിലും ഫോം കണ്ടെത്തേണ്ടതുണ്ട്. കാരണം, 14ന് പാക്കിസ്ഥാനെതിരായ പോരാട്ടമാണ് ഇന്ത്യയെ കാത്ത് അടുത്തതായുള്ളത്. അസുഖബാധിതനായ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ ഇന്നും രോഹിത് ശർമയ്ക്കൊപ്പം ഓപ്പണർ റോളിലെത്തിയേക്കും.
ഗിൽ തിരിച്ചുവരുന്നതുവരെ ടീമിനെ സഹായിക്കാൻ ബാധ്യസ്ഥനായിരിക്കുകയാണ് ഇഷാൻ കിഷൻ. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് - ജോഷ് ഹെയ്സൽവുഡ് ബൗളിംഗ് ആക്രമണത്തിന്റെ കരുത്തും തീവ്രതയും അഫ്ഗാനില്ലെന്നതാണ് മറ്റൊരു വസ്തുത.
രാഹുൽ വിശ്വസ്തൻ
ഏറെനാൾ പഴികേട്ടെങ്കിലും സെലക്ടർമാർ തന്നിൽ അർപ്പിച്ച വിശ്വാസത്തിനു പ്രതിഫലം നൽകുകയാണ് കെ.എൽ. രാഹുൽ. ഏഷ്യ കപ്പ് മുതൽ ഇന്ത്യൻ മധ്യനിരയിൽ കെ.എൽ. രാഹുൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
വിരാട് കോഹ്ലി-രാഹുൽ നാലാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയെ തിരിച്ചുവരാൻ സഹായിച്ചത്. ക്ലാസ് ബാറ്ററിന്റെ എല്ലാ ചേരുവയുമുള്ളതാണ് കെ.എൽ. രാഹുലിന്റെ ബാറ്റിംഗ്. ചേസിംഗിൽ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് അദ്ഭുതകരമാണ്. ഓസ്ട്രേലിയയ്ക്കെതിരായ ഫോം ഇന്നും തുടർന്നാൽ കോഹ്ലിയിൽനിന്ന് ഒരു സെഞ്ചുറി പ്രതീക്ഷിക്കാം.
ബൗളിംഗ് മാറ്റം
അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ സാഹചര്യം കണക്കിലെടുത്താൽ ഇന്ത്യൻ ബൗളിംഗ് നിരയിൽ ചില മാറ്റങ്ങൾ വന്നേക്കാം. ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈയിൽ മൂന്ന് സ്പിന്നർമാരെ (ആർ. അശ്വിൻ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ) ഉൾപ്പെടുത്തിയായിരുന്നു ഇന്ത്യ ഇറങ്ങിയത്.
ഡൽഹിയിൽ സ്പിന്നർമാർക്ക് റോൾ കുറവായിരിക്കുമെന്നതിനാൽ ആർ. അശ്വിനു പകരം പേസർ മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടേക്കും.
അഫ്ഗാൻ ആരാധകർ
അഫ്ഗാനിസ്ഥാനികൾ ഏറെയുള്ളിടമാണ് ഡൽഹിയിലെ ലജ്പത് നഗർ. അതുകൊണ്ടുതന്നെ ഗാലറിയിൽ അഫ്ഗാനെ പിന്തുണയ്ക്കുന്നവരുടെ ഒരു സംഘംതന്നെ ഉണ്ടാകും. സ്പിന്നർമാരാണ് അഫ്ഗാനിസ്ഥാന്റെ എക്കാലത്തെയും കരുത്ത്. ബാറ്റിംഗിൽ റഹ്മത്തുള്ള ഗുർബാസ് ഫോമിലാണെന്നത് അവർക്ക് ആശ്വാസമാകും. എന്നാൽ, ബംഗ്ലാദേശിനെതിരേ 156ന് പുറത്താകുകയും ആറ് വിക്കറ്റ് തോൽവി വഴങ്ങുകയും ചെയ്താണ് അഫ്ഗാന്റെ വരവ്.
ഹീറോ ഷമി!
ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ അഫ്ഗാനിസ്ഥാൻ ഇതുവരെ ജയം നേടിയിട്ടില്ല. 2019 ലോകകപ്പിൽ മുഹമ്മദ് ഷമിയുടെ അവസാന ഓവർ ഹാട്രിക്കിലൂടെ ഇന്ത്യ 11 റണ്‍സ് ജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 224/8 എന്ന സ്കോറിൽ അഫ്ഗാൻ ഒതുക്കി എന്നതും വിസ്മരിച്ചുകൂടാ. വിരാട് കോഹ്ലി (67) ആയിരുന്നു അന്ന് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.