പായ്വഞ്ചിയിൽ മെഡലെത്തി
Wednesday, September 27, 2023 1:49 AM IST
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംൽ ഓളപ്പരപ്പിൽനിന്ന് വീണ്ടും ഇന്ത്യക്കു മെഡൽ കിലുക്കം. തുഴച്ചിലിൽ രണ്ടു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ അഞ്ചു മെഡൽ നേടിയതിനു പിന്നാലെ സെയ്ലിംഗിലും ഇന്ത്യൻ താരങ്ങൾ പോഡിയം ഫിനിഷ് നടത്തി.
പെണ്‍കുട്ടികളുടെ ഡിങ്ഹെയിൽ ഇന്ത്യയുടെ പതിനേഴുകാരിയായ നേഹ ഠാക്കൂർ വെള്ളി സ്വന്തമാക്കി. സെയ്ലിംഗിലൂടെ ഇന്ത്യൻ അക്കൗണ്ടിലെത്തിയ ആദ്യ മെഡലായിരുന്നു നേഹ ഠാക്കൂറിന്റെ വെള്ളി. പുരുഷ വിഭാഗം വിൻഡ്സർഫറിൽ ആർഎസ്: എക്സിൽ ഇബാദ് അലിയും ഡിങ്ഹെയിൽ വിഷ്ണു ശരവണനും ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കി.
ഇന്ത്യയുടെ ഭാവി താരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നേഹ ഠാക്കൂർ 32 പോയിന്റുമായാണു വെള്ളി നേടിയത്. നെറ്റ് സ്കോർ 27 ആയിരുന്നതിന്റെ ബലത്തിലായിരുന്നു ഇന്ത്യൻ കൗമാരതാരം വെള്ളിയണിഞ്ഞതെന്നതാണു ശ്രദ്ധേയം. തായ് ലൻഡിന്റെ നൊപ്പസോറനാണ് സ്വർണം.