മിന്നും പൊന്ന് ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ചരിത്രസ്വർണവുമായി ഇന്ത്യൻ വനിതകൾ
Tuesday, September 26, 2023 3:04 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ സ്വർണമണിഞ്ഞ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഫൈനലിൽ 19 റണ്‍സിനു ശ്രീലങ്കയെ കീഴടക്കിയാണ് ഇന്ത്യയുടെ സുവർണനേട്ടം. ഇന്ത്യ ഉയർത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 97 റണ്‍സേ നേടാനായുള്ളൂ. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടുന്നത്.
22 പന്തിൽ 25 റണ്‍സെടുത്ത ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. നിലാക്ഷി ഡിസിൽവ 23 റണ്‍സും ഒഷാദി രണസിംഗെ 19 റണ്‍സും നേടി. ഇന്ത്യയ്ക്കായി ടൈറ്റസ് സിദ്ധു മൂന്നു വിക്കറ്റുകൾ വീഴ്ത്തി. നാലോവർ പന്തെറിഞ്ഞ താരം ആറു റണ്‍സ് മാത്രമാണു വഴങ്ങിയത്. രാജേശ്വരി ഗെയ്ക്വാദ് രണ്ടും ദീപ്തി ശർമ, പൂജ വസ്ത്രകാർ, ദേവിക വൈദ്യ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തേ, ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ റണ്ണൊഴുക്കുണ്ടായില്ല. ഓപ്പണർ സ്മൃതി മന്ദാനയും (45 പന്തിൽ നാലു ഫോറും ഒരു സിക്സും ഉൾപ്പെടെ 46) ജെമീമ റോഡ്രിഗസും (40 പന്തിൽ അഞ്ചു ഫോറുകൾപ്പെടെ 42) മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. ഇവർക്കു പുറമേ മറ്റാരും രണ്ടക്കം കടന്നില്ല. ഷെഫാലി വർമ (9), റിച്ച ഘോഷ് (9), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (2), പൂജ വസ്ത്രകാർ (2), അമൻജോത് കൗർ (1), ദീപ്തി ശർമ (1*) എന്നിങ്ങനെയാണു മറ്റു ബാറ്റർമാരുടെ സംഭാവന. ശ്രീലങ്കയ്ക്കായി ഉദേശിക പ്രബോധിനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
മലയാളി സ്വർണം
മലയാളി താരം മിന്നു മണി ടീമിലുണ്ടായിരുന്നെങ്കിലും ഫൈനലിൽ പ്ലേയിംഗ് ഇലവനിൽ ഇടംലഭിച്ചില്ല. ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ മലയാളി താരമാണു മിന്നു മണി. ഏഷ്യൻ ഗെയിംസിൽ മലേഷ്യയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മാത്രമാണ് മിന്നു മണി കളിച്ചത്. അന്നു മഴ കാരണം കളി മുടങ്ങിയതിനാൽ താരത്തിന് ബൗളിംഗിനും ബാറ്റിംഗിനും അവസരം ലഭിച്ചില്ല. വയനാട് മാനന്തവാടി സ്വദേശിയാണു മിന്നു.
മിന്നു സ്പീകിംഗ്
ടീം സ്വർണം നേടിയതിൽ വളരെയധികം സന്തോഷമുണ്ട്. കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വെള്ളിയാണു ലഭിച്ചത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം വേണമെന്നത് ടീമിന്റെ ആഗ്രഹമായിരുന്നു. അത് സാധിച്ചു. ഒരുപാട് വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ത്യൻ ടീമിന്റെ ജഴ്സി. സെമിയിലും ഫൈനലിലും ഇറങ്ങാൻ സാധിക്കാത്തതിൽ നിരാശയില്ല. ടീമിന്റെ ഭാഗമായതുതന്നെ സന്തോഷം...
മിന്നു മണി