ബിയാട്രിസ് മയിയ ഫ്രഞ്ച് ഓപ്പണ്‍ സെമിയിൽ
Thursday, June 8, 2023 2:42 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ പുതിയ താരോദയമായ ബ്രസീലിന്റെ ബിയാട്രിസ് ഹഡാഡ് മയിയ. വനിതാ സിംഗിൾസ് ക്വാർട്ടറിൽ ഏഴാം സീഡായ ടുണീഷ്യയുടെ ഒണ്‍സ് ജബേറിനെ അട്ടിമറിച്ച് ബിയാട്രിസ് മയിയ സെമിയിൽ പ്രവേശിച്ചു.
2022 വിംബിൾഡണ്‍, യുഎസ് ഓപ്പണ്‍ ഫൈനലിസ്റ്റായ ഒണ്‍സ് ജബേറിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണു ബിയാട്രിസ് മയിയ കീഴടക്കിയത്. സ്കോർ: 3-6, 7-6 (7-5), 6-1. 14-ാം സീഡാണ് ബ്രസീൽ താരം.
വനിതാ സിംഗിൾസ് ലോക ഒന്നാം നന്പർ താരം പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കും സെമിയിൽ പ്രവേശിച്ചു. ആറാം സീഡായ അമേരിക്കയുടെ കൊക്കൊ ഗഫിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ഷ്യാങ്ടെക് സെമിയിലേക്കു മുന്നേറിയത്, 6-4, 6-2. ബ്രസീലിന്റെ മയിയയാണു സെമിയിൽ ഷ്യാങ്ടെക്കിന്റെ എതിരാളി.
ജോക്കോ x അൽകാരസ്
പുരുഷ സിംഗിൾസിൽ ഫൈനലിനേക്കാൾ ഗ്ലാമർ പോരാട്ടത്തിനു സെമിയിൽ വേദിയൊരുങ്ങി. ഒന്നാം സീഡായ സ്പാനിഷ് താരം കാർലോസ് അൽകാസരും മൂന്നാം സീഡായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും തമ്മിലാണു സൂപ്പർ സെമി.
നാളെ ഇന്ത്യൻ സമയം വൈകുന്നേരം 6.15നാണ് അൽകാരസ് x ജോക്കോവിച്ച് സെമി ഫൈനൽ പോരാട്ടം. റാഫേൽ നദാലിനുശേഷം കളിമണ്‍കോർട്ടിന്റെ അധിപനാകാനുള്ള തയാറെടുപ്പിലാണ് അൽകാരസ്.