ഇന്ത്യ x ഓസ്ട്രേലിയ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ലോക ചാന്പ്യൻഷിപ്പ് ഫൈനൽ ഇന്നു മുതൽ
Wednesday, June 7, 2023 12:49 AM IST
ലണ്ടൻ: 2021-23 സീസണിലെ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ലോക ചാന്പ്യൻഷിപ്പ് കിരീടത്തിനായുള്ള ഫൈനൽ പരീക്ഷ ഇന്നു മുതൽ. ഐസിസി ലോക ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയും തമ്മിലാണു കിരീടപോരാട്ടം. ഇന്ത്യക്കിത് തുടർച്ചയായ രണ്ടാം ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലാണ്.
കഴിഞ്ഞ ഫൈനലിൽ ന്യൂസിലൻഡിനു മുന്നിൽ പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ്, രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിലും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലും വിരാട് കോഹ്ലിയുടെ ആക്രമണോത്സുകതയിലും വിശ്വാസമർപ്പിച്ച് ടീം ഇന്ത്യ കളത്തിലെത്തുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.00ന് ഓവലിലാണു ഫൈനൽ പോരാട്ടം ആരംഭിക്കുക. മത്സരം സമനിലയിൽ കലാശിച്ചാൽ കിരീടം ഇരു ടീമും പങ്കിടും.
ടീം ആശങ്കകൾ
ഓസ്ട്രേലിയൻ ടീമിന് ഒരു പ്രശ്നം മാത്രമാണു പരിഹരിക്കാനുള്ളത്; പരിക്കേറ്റു പുറത്തായ പേസർ ജോഷ് ഹെയ്സൽവുഡിനു പകരം പ്ലേയിംഗ് ഇലവനിൽ ആരെ ഉൾപ്പെടുത്തും എന്നത്. ഹെയ്സൽവുഡിനു പകരം സ്കോട്ട് ബോളണ്ട് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുമെന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സൂചിപ്പിച്ചു.
അതേസമയം, ഇന്ത്യയെ സംബന്ധിച്ച് പ്ലേയിംഗ് ഇലവൻ എന്നത് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യമാണ്. ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ എന്നിവരുടെ അഭാവം ഇന്ത്യൻ ടീമിൽ നിഴലിക്കുമോ എന്നതും കണ്ടറിയണം. മാനസികമായി കരുത്താർജിക്കണമെന്ന് ടീം അംഗങ്ങൾക്കു രോഹിത് നിർദേശം നൽകി. ഇന്നലെ പരിശീലനത്തിനിടെ പന്തുകൊണ്ട് രോഹിത്തിനു നിസാര പരിക്കേറ്റിരുന്നു.
ഇന്ത്യ x ഓസ്ട്രേലിയ
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പോരാട്ടങ്ങൾ ക്രിക്കറ്റ് ആരാധകർക്ക് എന്നും ഉത്സവമാണ്. ഇരു ടീമും തമ്മിൽ ആദ്യമായാണ് ഒരു നിഷ്പക്ഷ വേദിയിൽ ടെസ്റ്റ് അരങ്ങേറുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ 106 ടെസ്റ്റ് മത്സരങ്ങൾ ഇതുവരെ അരങ്ങേറി. അതിൽ 30.18 ആണ് ഇന്ത്യയുടെ വിജയ ശതമാനം, ഓസ്ട്രേലിയയുടേത് 41.50ഉം. 106 ടെസ്റ്റിൽ ഇന്ത്യ 32 എണ്ണത്തിൽ ജയിച്ചപ്പോൾ ഓസ്ട്രേലിയ 44 വിജയം സ്വന്തമാക്കി. ഒരെണ്ണം ടൈ ആയപ്പോൾ 29 എണ്ണം സമനിലയിൽ കലാശിച്ചു.
ടോപ്പേഴ്സ്
2021-23 സീസണ് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ റണ്വേട്ടക്കാരൻ ചേതേശ്വർ പൂജാരയാണ്. 30 ഇന്നിംഗ്സിൽ ഒരു സെഞ്ചുറിയും ആറ് അർധസെഞ്ചുറിയും ഉൾപ്പെടെ പൂജാര 887 റണ്‍സ് നേടി. 28 ഇന്നിംഗ്സിൽ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും ഉൾപ്പെടെ 869 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണു രണ്ടാമത്. രോഹിത് ശർമ (17 ഇന്നിംഗ്സിൽ 700), രവീന്ദ്ര ജഡേജ (19 ഇന്നിംഗ്സിൽ 673) എന്നിവരാണു തുടർന്നുള്ള സ്ഥാനങ്ങളിൽ. യുവതാരം ശുഭ്മാൻ ഗിൽ 13 ഇന്നിംഗ്സിൽ രണ്ടു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 476 റണ്‍സ് നേടിയിട്ടുണ്ട്.
ഉസ്മാൻ ഖ്വാജ (28 ഇന്നിംഗ്സിൽ 1608 റണ്‍സ്), മാർനസ് ലബൂഷെയ്ൻ (33 ഇന്നിംഗ്സിൽ 1509), സ്റ്റീവ് സ്മിത്ത് (30 ഇന്നിംഗ്സിൽ 1252) എന്നിവരാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറേഴ്സ്.
ബൗളിംഗിൽ ഓസ്ട്രേലിയയുടെ നഥാൻ ലിയോണ്‍ (83 വിക്കറ്റ്) ആണ് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റുള്ള താരം.
ഇന്ത്യയുടെ ആർ. അശ്വിൻ (61) മൂന്നാമതുണ്ട്. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ് (53), മിച്ചൽ സ്റ്റാർക്ക് (51) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചവരാണ്. രവീന്ദ്ര ജഡേജയാണ് (43) ഇന്ത്യൻ നിരയിലെ മറ്റൊരു വിക്കറ്റ് വേട്ടക്കാരൻ. പരിക്കേറ്റ് വിശ്രമത്തിലുള്ള ജസ്പ്രീത് ബുംറയ്ക്ക് 19 ഇന്നിംഗ്സിൽ 45 വിക്കറ്റ് ഉണ്ടെന്നതും ശ്രദ്ധേയം.
ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ഐസിസി കിരീടം നേടിയിട്ട് 10 വർഷം. 2013 ഐസിസി ചാന്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയത്. 10 വർഷമായുള്ള ഐസിസി കിരീട ദൗർഭാഗ്യം അവസാനിപ്പിക്കാൻ ടീം ഇന്ത്യക്കു സാധിക്കുമോ? 2017 ചാന്പ്യൻസ് ട്രോഫി ഫൈനലിലും 2021 ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടു.