ഫ്രഞ്ച് ഓപ്പണ്‍: ജോക്കോ മുന്നോട്ട്
Tuesday, May 30, 2023 12:24 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനു വിജയത്തുടക്കം. അലക്സാണ്ടർ കൊവാസെവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തിയ ജോക്കോവിച്ച് രണ്ടാം റൗണ്ടിലേക്കു മുന്നേറി. സ്കോർ: 6-3, 6-2, 7-6. 23-ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ടാണു ജോക്കോ പാരീസിൽ കളിക്കുന്നത്.
ബ്രിട്ടന്റെ കാമറൂണ്‍ നോറി, ബെൻഷ്വാ പിയറിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്കു മുന്നേറി. പിന്നിൽ നിന്നശേഷം തിരിച്ചടിച്ചായിരുന്നു നോറിയുടെ വിജയം. സ്കോർ: 7-5, 4-6, 3-6, 6-1, 6-4. വനിതാ വിഭാഗത്തിൽ ഫ്രഞ്ച് ഓപ്പണ്‍ മുൻ ഫൈനലിസ്റ്റ് സ്ലോണ്‍ സ്റ്റീഫൻസ് പതിനാറാം സീഡ് കരോളിന പ്ലിഷ്കോവയെ പരാജയപ്പെടുത്തി കുതിപ്പ് തുടങ്ങി. സ്കോർ: 6-0, 6-4.
വൈൽഡ് കാർഡുമായെത്തിയ ഫ്രാൻസിന്റെ ക്രിസ്റ്റീന ലാഡെനോവിച്ച് യുഎസ് താരം കെയ്ല ഡേയോടു പരാജയപ്പെട്ടു. സ്കോർ: 7-5, 6-1. സ്വിറ്റ്സർലൻഡിന്റെ 12-ാം സീഡ് ബെലിൻഡ ബെൻസിച്ച് റഷ്യയുടെ എലിന അവനേസ്യനോടു തോൽവി വഴങ്ങി. ഇറ്റലിയുടെ മാർട്ടിന ട്രവിസനെ പരാജയപ്പെടുത്തി യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയും മുന്നേറി. സ്കോർ: 6-2, 6-2.