പ്രണോയ്, സിന്ധു സെമിയിൽ
Saturday, May 27, 2023 1:04 AM IST
ക്വാലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയിയും പി.വി. സിന്ധുവും സെമിയിൽ. പുരുഷ സിംഗിൾസിൽ ജാപ്പനീസ് താരം കെന്റ നിഷിമോട്ടോയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് പ്രണോയ് സെമിയിൽ പ്രവേശിച്ചത്.
ഒരു മണിക്കൂർ 31 മിനിറ്റ് നീണ്ട ത്രില്ലറിൽ 25-23, 18-21, 21-13നായിരുന്നു പ്രണോയിയുടെ ജയം. അതേസമയം, കിഡംബി ശ്രീകാന്ത് ക്വാർട്ടറിൽ പുറത്തായി. ഇന്തോനേഷ്യയുടെ ക്രിസ്റ്റ്യൻ അഡിനാറ്റയോട് 16-21, 21-16, 21-11ന് ശ്രീകാന്ത് തോറ്റു. സെമിയിൽ പ്രണോയിയുടെ എതിരാളി ക്രിസ്റ്റ്യൻ അഡിനാറ്റയാണ്.
വനിതാ സിംഗിൾസിൽ ശക്തമായ പോരാട്ടത്തിനൊടുവിലാണു സിന്ധു സെമിയിലേക്കു മുന്നേറിയത്. ചൈനീസ് താരമായ സ്ഹാങ് യിമനെ ഒരു മണിക്കൂർ 14 മിനിറ്റ് നീണ്ട പോരാട്ടത്തിൽ സിന്ധു കീഴടക്കി, 21-16, 13-21, 22-20. ഏഴാം സീഡ് ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്കയാണു സെമിയിൽ സിന്ധുവിന്റെ എതിരാളി.