ആകാഷ് മധ്വാൾ; പന്തിന്റെ അയൽവാസി, ടെന്നീസ് ബോൾ ക്രിക്കറ്റർ
Friday, May 26, 2023 12:59 AM IST
ജസ്പ്രീത് ബുംറ, ജോഫ്ര ആർച്ചർ എന്നിവരുടെ അഭാവത്തിൽ മുംബൈ ഇന്ത്യൻസിന്റെ പേസ് ആക്രമണം ഏറ്റെടുത്ത താരമാണ് ആകാഷ് മധ്വാൾ.
എലിമിനേറ്റർ പോരാട്ടത്തിൽ ലക്നോ സൂപ്പർ ജയ്ന്റ്സിനെതിരേ 3.3 ഓവറിൽ അഞ്ച് റണ്സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ആകാഷ് മധ്വാൾ തരംഗമായി. മുംബൈ ഇന്ത്യൻസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരേ ക്വാളിഫയർ രണ്ട് പോരാട്ടത്തിന് ഇറങ്ങാൻ കാരണക്കാരനും ആകാഷ് മധ്വാൾതന്നെ.
2018വരെ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ച് നടന്ന ഉത്തരാഖണ്ഡുകാരനാണ് ആകാഷ് മധ്വാൾ എന്നു പറഞ്ഞാൽ അവിശ്വസിക്കേണ്ട. ഉത്തരാഖണ്ഡിലെ റൂക്കിയിലെ മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച ആകാഷ് മധ്വാൾ എൻജിനിയറിംഗ് ബിരുദധാരിയാണ്. തന്റെ അയൽക്കാരനായ ഋഷഭ് സ്ഥിരമായി ക്രിക്കറ്റ് പരിശീലനത്തിനു സമയം ചെലവഴിക്കുന്പോഴായിരുന്നു ആകാഷ് എൻജിനിയറിംഗ് പഠനവും ടെന്നീസ് ബോൾ ക്രിക്കറ്റുമായി നടന്നത്.
ഋഷഭ് പിന്നീട് ഡൽഹിയിലേക്ക് ക്രിക്കറ്റിനായി കുടിയേറിയതും പിന്നീട് ഋഷഭ് പന്ത് എന്ന പേരിൽ സൂപ്പർ താരമായതും ആകാഷ് മധ്വാൾ അദ്ഭുതത്തോടെയാണ് കണ്ടത്. ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അതോടെ ആകാഷും തീരുമാനിച്ചു. അങ്ങനെ 2019ൽ ഉത്തരാഖണ്ഡിന്റെ സീനിയർ ടീമിനായുള്ള സെലക്ഷനിൽ ആകാഷ് മധ്വാളും പങ്കെടുത്തു.
വസീം ജാഫറായിരുന്നു സെലക്ടർമാരിൽ ഒരാൾ. ആകാഷിന്റെ റൊ പേസും കഴിവും കണ്ട വസീം ജാഫർ ഉത്തരാഖണ്ഡ് ടീം ക്യാന്പിലേക്ക് ക്ഷണിച്ചു. അങ്ങനെ 2018വരെ ടെന്നീസ് ബൗൾ കളിച്ചു നടന്ന ആകാഷ് യഥാർഥ ക്രിക്കറ്റ് ലോകത്തിലേക്ക് എത്തി.
ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗായിരുന്നു ലക്നോ സൂപ്പർ ജയന്റ്സിനെതിരായ എലിമിനേറ്ററിൽ ആകാഷ് പുറത്തെടുത്ത 3.3-0-5-5 എന്നത്. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ ബൗളറിന്റെ ഏറ്റവും മികച്ച ബൗളിംഗ് എന്നതിൽ അനിൽ കുംബ്ലെയ്ക്ക് (3.1-1-5-5) ഒപ്പവും ആകാഷ് മധ്വാൾ ഇതോടെയെത്തി.