ജയം മുക്കിയ വിനീഷ്യസ് പിന്തുണ!
Friday, May 26, 2023 12:59 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ നിലവിൽ കളിയും ജയവുമല്ല റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം വിനീഷ്യസ് ജൂണിയറിനെതിരായ വംശീയാധിക്ഷേപമാണ് സുപ്രധാന വിഷയം.
ബാഴ്സലോണ കിരീടം സ്വന്തമാക്കിയ ലാ ലിഗ 2022-23 സീസണിൽ റയോ വയ്യക്കാനോയ്ക്കെതിരായ 36-ാം റൗണ്ട് മത്സരത്തിൽ റയൽ മാഡ്രിഡ് 2-1ന്റെ ജയം നേടി.
എന്നാൽ, ജയത്തെക്കാൾ സാന്റിയാഗൊ ബർണബ്യുവിലെ മത്സരത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയത് ടീമും ആരാധകരും ഒന്നടങ്കം വിനീഷ്യസ് ജൂണിയറിനു നൽകിയ പിന്തുണയായിരുന്നു.
മത്സരത്തിനു മുന്പ് വിനീഷ്യസ് ജൂണിയറിന്റെ 20-ാം നന്പർ ജഴ്സി അണിഞ്ഞ് റയൽ മാഡ്രിഡ് കളിക്കാരും സപ്പോർട്ടിംഗ് സ്റ്റാഫുകളും മൈതാനത്ത് അണിനിരന്നു.
വലെൻസിയയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടതിനു വിലക്ക് ഇല്ലെങ്കിലും കാൽമുട്ടിലെ പരിക്കിനെത്തുടർന്ന് വിനീഷ്യസ് കളിക്കാനിറങ്ങിയില്ല. ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് മൈതാനത്ത് എത്തിയ വിനീഷ്യസ് ഡയറക്ടേഴ്സ് ബോക്സിൽ ക്ലബ് പ്രസിഡന്റ് ഫ്ളൊറെന്റിനൊ പെരെസിനൊപ്പമായിരുന്നു ഇരുന്നത്.
മത്സരത്തിൽ കരിം ബെൻസെനെ (31’), റോഡ്രിഗൊ (89’) എന്നിവരുടെ ഗോളുകളിലൂടെയായിരുന്നു റയൽ മാഡ്രിഡ് ജയം നേടിയത്.
ജയത്തോടെ 36 മത്സരങ്ങളിൽനിന്ന് 74 പോയിന്റുമായി അത് ലറ്റിക്കൊ മാഡ്രിഡിനെ (73) പിന്തള്ളി റയൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.