സ്കോട്ടിഷ് അട്ടിമറി
Wednesday, March 29, 2023 10:37 PM IST
ഗ്ലാസ്ഗോ: യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ സ്പെയിനെ അട്ടിമറിച്ച് സ്കോട്ട്ലൻഡ്. സ്കോട്ട് മക്ടോമിനയുടെ ഇരട്ടഗോൾ മികവിലായിരുന്നു സ്കോട്ട്ലൻഡിന്റെ ജയം. 7, 51 മിനിറ്റുകളിലാണു മക്ടോമിനയ് സ്പാനിഷ് വലകുലുക്കിയത്.
സ്പെയിനിനെതിരേ 39 വർഷത്തിനിടെ ആദ്യമായാണു സ്കോട്ട്ലൻഡ് ജയിക്കുന്നത്. ഇതോടെ നോർവേ, സൈപ്രസ് ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ, രണ്ടു മത്സരങ്ങളിൽ ആറു പോയിന്റുള്ള സ്കോട്ട്ലൻഡ് യൂറോ യോഗ്യതയ്ക്ക് അരികിലെത്തി. സ്പെയിനു രണ്ടു മത്സരങ്ങളിൽനിന്നു മൂന്നു പോയിന്റുണ്ട്.
മറ്റൊരു യോഗ്യതാ മത്സരത്തിൽ തുർക്കി ക്രൊയേഷ്യയോടു പരാജയപ്പെട്ടു. മാറ്റിയോ കൊവാസിച്ചിന്റെ ഇരട്ടഗോൾ നേടിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ക്രൊയേഷ്യയുടെ വിജയം. 20, 45+4 മിനിറ്റുകളിലായിരുന്നു കൊവാസിച്ചിന്റെ ഗോളുകൾ. ഗ്രൂപ്പ് ഡിയിൽ നാലു പോയിന്റുമായി ഒന്നാമതാണു ക്രൊയേഷ്യ. നാലു പോയിന്റുള്ള വെയ്ൽസ് രണ്ടാമതുണ്ട്.