ചരിത്രം; അഫ്ഗാൻ
Monday, March 27, 2023 11:34 PM IST
ഷാർജ: ട്വന്റി20 ക്രിക്കറ്റിൽ ചരിത്രംകുറിച്ച് അഫ്ഗാനിസ്ഥാൻ. പാക്കിസ്ഥാനെതിരായ ട്വന്റി20 പരന്പര അഫ്ഗാനിസ്ഥാൻ സ്വന്തമാക്കി. ഷാർജയിൽ നടന്ന രണ്ടാം ട്വന്റി20യിൽ ഏഴു വിക്കറ്റിനായിരുന്നു അഫ്ഗാന്റെ വിജയം.
പാക്കിസ്ഥാൻ ഉയർത്തിയ 131 റണ്‍സ് ലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ അഫ്ഗാൻ മറികടന്നു. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരന്പര അഫ്ഗാനിസ്ഥാൻ 2-0ന് സ്വന്തമാക്കി. പരന്പരയിലെ അവസാന മത്സരം തിങ്കളാഴ്ച ഷാർജയിൽ നടക്കും. ആദ്യ മത്സരത്തിൽ ആറു വിക്കറ്റിന് അഫ്ഗാൻ ജയിച്ചിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരേ അഫ്ഗാന്റെ ആദ്യ വിജയമായിരുന്നു ഇത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു വേണ്ടി മധ്യനിര താരം ഇമാദ് വസീം അർധ സെഞ്ചുറി നേടി. 57 പന്തുകൾ നേരിട്ട താരം 64 റണ്‍സുമായി പുറത്താകാതെനിന്നു. 25 പന്തിൽ 32 റണ്‍സെടുത്ത പാക്ക് ക്യാപ്റ്റൻ ശതാബ് ഖാനും തിളങ്ങി.
മറുപടി ബാറ്റിംഗിൽ ഓപ്പണർ റഹ്മാനുള്ള ഗുർബാസ് 49 പന്തിൽ 44 റണ്‍സെടുത്ത് അഫ്ഗാനു മികച്ചു തുടക്കം നൽകി. ഇബ്രാഹിം സദ്രാൻ 40 പന്തിൽ 38 റണ്‍സെടുത്തു. അവസാന ഓവറുകളിൽ മുഹമ്മദ് നബിയും (9 പന്തിൽ 14), നജിബുല്ല സദ്രാനും (12 പന്തിൽ 23) തകർത്തടിച്ചതോടെ അഫ്ഗാനിസ്ഥാൻ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയമുറപ്പിച്ചു.