ഷൂട്ടിംഗ്: ഇന്ത്യക്കു രണ്ടു മെഡൽ
Saturday, March 25, 2023 12:01 AM IST
ഭോപാൽ: ഐഎസ്എസ്എഫ് ലോകകപ്പ് ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടു മെഡൽകൂടി. മിക്സഡ് ടീം ഇനങ്ങളിലാണ് ഇന്ത്യ മെഡൽ സ്വന്തമാക്കിയത്.
10 മീറ്റർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ വരുണ്‍ തോമർ-റിഥം സംഗ്വാൻ സഖ്യം വെള്ളി സ്വന്തമാക്കി. വരുണ്‍ നേരത്തേ പുരുഷ എയർ പിസ്റ്റളിൽ വെങ്കലം നേടിയിരുന്നു.
എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ രുദ്രാൻഷ് പാട്ടീൽ-നർമദ നിതിൻ രാജു സഖ്യം വെങ്കലം സ്വന്തമാക്കി. ചാന്പ്യൻഷിപ്പിന്റെ ആദ്യദിനം സരബ്ജോത് സിംഗ് ഇന്ത്യക്കായി സ്വർണം നേടിയിരുന്നു.
ഒരു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമായി ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്നു സ്വർണവും രണ്ടു വെങ്കലവുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.